എട്ടുനിലയിൽ പൊട്ടിയിട്ടും തോൽവി സമ്മതിക്കാതെ ട്രംപ്!!

വാഷിങ്ടൺ: എട്ടുനിലയിൽ പൊട്ടിയിട്ടും ജയിച്ചത് താന്‍ തന്നെയാണന്നും ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് താന്‍ തന്നെയാണെന്നും അവകാശപ്പെട്ട് വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങാന്‍ ട്രംപ് കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ ജോ ബൈഡനോട് തോറ്റിട്ടും ട്രംപിന്റെ ഒടുവിലത്തെ ട്വിറ്റായിരുന്നു ഇതില്‍ ഏറ്റവും വലിയ കോമഡി. തെരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചു, ബൈ എ ലോട്ട് എന്നാണ് ട്രംപിന്റെ ട്വീറ്റ്. തോൽവി മണത്ത ട്രംപ് ആദ്യം മുതൽ തന്നെ വെപ്രാളം കാട്ടുകയും നിരവധി വ്യാജ പ്രചരണങ്ങളുമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചെങ്കിലും മാധ്യമങ്ങളും ജനങ്ങളും കോടതിയും വരെ ഇതു തള്ളിക്കളഞ്ഞിരുന്നു.

വോട്ടിങ് ക്രമക്കേട് ആരോപിച്ച ട്രംപ് വോട്ടെടുപ്പ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ കോടതി തള്ളുകയാണ് ചെയ്തത്. തോൽവി അം​ഗീകരിക്കാൻ കൂട്ടാക്കാത്ത ട്രംപ് ഒടുവിൽ വൈറ്റ് ഹൗസ് വിട്ടിറങ്ങില്ലെന്ന വാശിയിലാണ്. ഇതോടെ അനുനയിപ്പിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ മകള്‍ ഇവന്‍കയുടെയും മരുമകന്‍ ജെറാദ് കുഷ്‌നറുടെയും സഹായം തേടാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ, വൈറ്റ്ഹൗസിൽ അതിക്രമിച്ച് കയറിക്കൂടിയവരെ പിടിച്ചു പുറത്താക്കുമെന്നാണ് ബൈഡൻ കാംപയിൻ വിഭാ​ഗം മേധാവി ആൻഡ്ര്യൂ ബെയ്റ്റ്സ് അറിയിച്ചിരിക്കുന്നത്. 284 ഇലക്ടറൽ കോളജുകൾ നേടിയാണ് ബൈഡൻ പ്രസിഡന്റ് പദവിയിലേക്ക് അനായാസം നടന്നുകയറിയത്. ഏഷ്യൻ വംശജയായ കമലാ ഹാരിസണാണ് വൈസ് പ്രസിഡന്റ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപിന് കേവലം 214 ഇലക്ടറൽ കോളജുകളേ നേടാനായുള്ളൂ. ജന്മദേശമായ പെൻസിൽവാനിയ പിടിച്ചതോടെ ബൈഡന് പ്രസിഡന്റ് പദവിക്കാവശ്യമായ 270 ഇലക്ടറൽ കോളജുകൾ പിന്നിടാൻ കഴിഞ്ഞു.

വൈറ്റ് ഹൌസില്‍ നിന്നും പടിയിറങ്ങാന്‍ പ്രസിഡന്‍റ് ട്രംപ് വിസമ്മതിച്ചാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച അമേരിക്കന്‍ മാധ്യമങ്ങളിലും നിയമവൃത്തങ്ങളിലും വ്യാപകമാകുകയാണ്. നിയമ പോരാട്ടങ്ങളിലാണ് ട്രംപ് ശ്രദ്ധ പതിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അപ്പോഴും ചോദ്യം ഉയരുന്നു ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും ട്രംപ് വൈറ്റ് ഹൌസില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചാല്‍ എന്ത് സംഭവിക്കും? അമേരിക്കന്‍ മാധ്യമങ്ങളില്‍ തോറ്റ പ്രസിഡന്‍റിന്‍റെ ഓവല്‍ ഓഫീസില്‍ നിന്നുള്ള പടിയിറക്കം എങ്ങനെ എന്ന ചര്‍ച്ചകളും ഭരണഘടന കാര്യങ്ങളും സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.

അതേ സമയം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നില്‍ക്കുന്ന മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിയമ വിദഗ്ധരുടെയും വക്കീലന്മാരുടെയും ഒരു സംഘത്തെ തന്നെ നിയമയുദ്ധത്തിനായി സജ്ജമാക്കിയിരിക്കുന്നു എന്നാണ് ഇന്‍റിപെന്‍റന്‍റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ട്രംപിന്‍റെ ആരോപണം പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ്. എന്നാല്‍ ഇതിന് കൃത്യമായ ഒരു തെളിവും നല്‍കാന്‍ ട്രംപ് ക്യാംപിന് സാധിച്ചില്ല.

എന്നാല്‍ ഇത് നിയമ പോരാട്ടമായി മാറുമ്പോള്‍ എങ്ങനെ നേരിടണം എന്നതില്‍  ബൈഡന്‍ ക്യാംപ് ഒരുങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയ നവാഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയം നേടി ബൈഡന്‍ വിജയിക്കുമ്പോഴും, ട്രംപിന്‍റെ പ്രസ്താവനകള്‍ ഭീഷണികളും ഇത്തരത്തിലുള്ള ഒരു സാഹചര്യം നേരിടാന്‍ വ്യക്തമായ ഒരു ചട്ടം ഇല്ലാത്തതിന്‍റെ പ്രശ്നം സൃഷ്ടിക്കും എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.

അമേരിക്കന്‍ സമൂഹത്തിന്‍റെ അടിസ്ഥാന തത്വമാണ് സമാധാനപരമായ അധികാര കൈമാറ്റം എന്നത്. നിയമ പോരാട്ടങ്ങള്‍ തെരഞ്ഞെടുപ്പ് അന്തിമഫലത്തെ വൈകിപ്പിച്ചിട്ടുണ്ടെങ്കിലും അത് ഒരിക്കലും ഫലം അംഗീകരിക്കാത്ത രീതിയിലേക്കോ, അത് അധികാര കൈമാറ്റത്തെ ബാധിക്കുന്ന തരത്തിലേക്കോ വളര്‍ന്നിട്ടില്ല.

വോട്ടിംഗ് നടത്തിയതിലെ വലിയ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ 1960 ല്‍ കെന്നഡിക്ക് മുന്നില്‍ റിച്ചാര്‍ഡ് നിക്സണ്‍ പരാജയം സമ്മതിച്ചിരുന്നു. 2000 തെരഞ്ഞെടുപ്പില്‍ വലിയ നിയമ പോരാട്ടത്തിനൊടുവിലാണ് ജോര്‍ജ്ജ് ബുഷിന്‍റെ തെരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി വഴി അംഗീകരിക്കപ്പെട്ടത്. അന്നത്തെ എതിര്‍ സ്ഥാനാര്‍ത്ഥി അല്‍ഗോര്‍ അത് അംഗീകരിച്ചു. അദ്ദേഹം അന്ന് വൈസ് പ്രസിഡന്‍റായിരുന്നു. അന്ന് ഫ്ലോറിഡ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

എതിര്‍സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ പ്രസിഡന്‍റ് അംഗീകരിക്കാതിരിക്കുമ്പോള്‍ നിയമ വ്യവസ്ഥ തന്നെ ത്രിശങ്കുവിലാകുന്ന സാഹചര്യമുണ്ടാകും എന്നാണ് ഇത് സംബന്ധിച്ച് ബ്രിട്ടീഷ് കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസര്‍ പോള്‍ ക്യൂര്‍ക്ക് പറയുന്നത്. ‘ആര് പറയുന്നത് നിയമം നടപ്പിലാക്കേണ്ടവര്‍ കേള്‍ക്കണം എന്ന ചോദ്യം ഇത്തരം അവസ്ഥയില്‍ പ്രസക്തമാണ്, ഇത് അത്യന്തികമായി ഏത് ഭാഗത്തേക്ക് അധികാരം ഉപയോഗിക്കണം എന്ന വിഷയമായി മാറുന്നു” -പോള്‍ ക്യൂര്‍ക്ക് പറയുന്നു.

അന്ത്യന്തികമായി അധികാരം കൈമാറാന്‍ ഒരു പ്രസിഡന്‍റ് വിസമ്മതിച്ച് വൈറ്റ് ഹൌസില്‍ തന്നെ തുടരാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യണം എന്നതില്‍ അമേരിക്കന്‍ ഭരണഘടന തീര്‍ത്തും നിശബ്ദത പാലിക്കുന്നു. അതായത് ട്രംപ് ഈ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ചില്ലെങ്കില്‍ എഫ്ബിഐയെ വിട്ടാണോ, കമാന്‍റോകളെ വിട്ടാണോ, അല്ലെങ്കില്‍ വെറെ ഏതെങ്കിലും ഏജന്‍സിയെ വിട്ടാണോ ട്രംപിനെ പുറത്താക്കേണ്ടത് എന്നതില്‍ ഒരു വ്യക്തതയും ഭരണഘടനയില്‍ ഇല്ല.

എന്നാല്‍ ട്രംപ് ഇത്തരത്തില്‍ ഒരു നിലപാട് എടുത്താല്‍ അത് അമേരിക്കന്‍ പ്രസിഡന്‍റ് എന്ന സ്ഥാനത്തിന് ലഭിച്ചിരുന്ന പ്രധാന്യം ഇടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്തെങ്കിലും സൈനിക ബലപ്രയോഗത്തിനപ്പുറം രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ ഈ നിലപാട് ട്രംപിന് തുടരാന്‍ സാധിക്കില്ല എന്ന് തന്നെയാണ് യൂണിവേഴ്സിറ്റി ന്യൂ ഹെവനിലെ പ്രഫസര്‍ ജോഷ്യു സാന്‍റ് മാന്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us