കോവിഡ് അനുഭവം പങ്കുവെച്ച് നിരീക്ഷണത്തിൽ കഴിയുന്ന കിരൺ മജുംദാർ ഷാ

ബെംഗളൂരു: ബയോകോൺ ചെയർപേഴ്സനും സാമൂഹികപ്രവർത്തകയുമായ കിരൺ മജുംദാർ ഷാ തന്റെ കോവിഡ്-19 ബാധിച്ച അനുഭവം പങ്കുവയ്ക്കുന്നു.

കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന കിരൺ മജുംദാർ ഷാ ഇപ്പോഴും നിരീക്ഷണത്തിലാണ്. കോവിഡ്‌ രോഗകാലത്തെ ഏതൊക്കെരീതിയിൽ പ്രതിരോധിക്കാമെന്നും അനുഭവക്കുറിപ്പിൽ പറയുന്നു.

രോഗംസ്ഥിരീകരിച്ചതോടെ മുറിയിൽ നിശ്ചിതസമയം നടന്നുവെന്നും യോഗ ചെയ്തുവെന്നും അവർ കുറിച്ചു. ഒരാഴ്ച മുമ്പും സമാനമായലക്ഷണങ്ങൾ കണ്ടെങ്കിലും പരിശോധനയിൽ നെഗറ്റീവാകുകയായിരുന്നു.

അതിനാൽ പനിക്കുള്ള മരുന്നുകഴിക്കുകയാണ് ചെയ്തത്. തൊട്ടടുത്ത ദിവസവും പനികൂടിയതിനാൽ കോവിഡ് പരിശോധനനടത്തി. കോവിഡ് സ്ഥിരീകരിച്ചപ്പോൾ നിരന്തരം ഡോക്ടർമാരുമായി ബന്ധപ്പെട്ടു.

ഈ സമയത്ത് ഭർത്താവിന്റെയും അമ്മയുടെയും സുരക്ഷ പരിഗണിച്ച് ഒരു മുറിയിലേക്ക് മാറുകയായിരുന്നു. ശരീരത്തിലെ ഓക്സിജനിലുള്ള വ്യത്യാസം ദിവസവും രണ്ടും മൂന്നും തവണ പരിശോധിച്ചിരുന്നു.

മൂന്നാമത്തെയും നാലാമത്തെയും ദിവസം പനി മൂർച്ഛിച്ചു. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾക്കൊപ്പം സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന വിറ്റാമിൻ ഗുളികകളും ഈ സമയത്ത് കഴിച്ചു. 12-മത്തെ ദിവസം നടത്തിയ ടെസ്റ്റിലും കോവിഡ് പോസിറ്റീവാണെന്നാണ് കാണിച്ചതെന്ന് അവർ പറയുന്നു.

എന്നാൽ ചികിത്സ തുടങ്ങി നിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് ഒരാഴ്ചകൊണ്ടുതന്നെ ശരീരത്തിന് രോഗമുക്തി അനുഭവപ്പെട്ടതായും സാമൂഹിക മാധ്യമത്തിലെഴുതിയ അനുഭവക്കുറിപ്പിൽ പറയുന്നു.

“കോവിഡ് പരിശോധനാഫലം പോസിറ്റീവായാലും ഭയക്കാതിരിക്കുക, ചെറിയലക്ഷണങ്ങൾ കണ്ടാൽപ്പോലും മറ്റുള്ളവരിൽനിന്ന് അകലംപാലിക്കുകയും പരിശോധനനടത്തുകയും ചെയ്യുക, രോഗം സ്ഥിരീകരിച്ചാലും ചെറിയതോതിൽ വ്യായാമം ചെയ്യുക” തുടങ്ങിയവയാണ് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെക്കാനുള്ള പാഠങ്ങളെന്നും കിരൺ മജുംദാർ ഷാ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us