ബെംഗളൂരു: ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ശക്തമായ മഴ. അറബിക്കടലിൽ രൂപംകൊണ്ട ’ക്യാർ’ ചുഴലിക്കാറ്റിനെത്തുടർന്നാണ് തീരദേശജില്ലകളിൽ ശക്തമായ മഴയുണ്ടായത്.
അതേസമയം വെള്ളിയാഴ്ചയോടെ ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ‘ചുവപ്പു ജാഗ്രത’ പിൻവലിച്ചു. ശനിയാഴ്ച ‘മഞ്ഞ ജാഗ്രത’യാണ് തീരദേശജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും സ്കൂളുകൾ പ്രവർത്തിച്ചില്ല.
വടക്കൻ ജില്ലകളിലും വ്യാപകമഴയാണ് വെള്ളിയാഴ്ചയുണ്ടായത്. ഒട്ടേറെ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. റോഡുകൾക്കും പാലങ്ങൾക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വീടുകൾ തകർന്നു.
റായ്ച്ചൂർ, ബെലഗാവി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളംകയറി. വിനോദസഞ്ചാരികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
തുംഗഭദ്ര, കൃഷ്ണ നദികളിലെ ജലനിരപ്പും കുത്തനെ ഉയർന്നു. കൃഷ്ണ നദിയുടെ മഹാരാഷ്ട്രയിലെ വൃഷ്ടിപ്രദേശത്ത് പെയ്ത മഴയെത്തുടർന്നാണ് ജലനിരപ്പുയർന്നത്. ശക്തമായ മഴ പെയ്ത ഹവേരി, റായ്ച്ചൂർ, ബെലഗാവി ജില്ലകളിൽ ഒട്ടേറെ വീടുകളാണ് തകർന്നത്. 28 ദുരിതാശ്വാസ ക്യാമ്പുകളാണ് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്നത്.
വരുംദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസകേന്ദ്രങ്ങൾ തുറക്കാനാണ് അധികൃതരുടെ തീരുമാനം. മുഴുവൻ മഴബാധിതജില്ലകളിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലും വെള്ളിയാഴ്ച മഴ ലഭിച്ചു. മൂടിക്കെട്ടിയ കാലാവസ്ഥയാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. 31 വരെ മേഘാവൃതമായ കാലാവസ്ഥയോ ഒറ്റപ്പെട്ട മഴയോ ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ ബെംഗളൂരു കേന്ദ്രം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.