കാണാതായ സിദ്ധാർഥയുടെ മൃത ശരീരം നേത്രാവതി പുഴയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: ദൂരുഹസാഹചര്യത്തിൽ കാണാതായ കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർഥ ഹെഗ്ഡെയെ(60) യുടെ മൃത ശരീരം നേത്രാവതി പുഴയിൽ നിന്നും ഇന്ന് രാവിലെ ആറ് മണിയോടെ കണ്ടെത്തി. ഉലാലിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ നിന്നാണ് ശരീരം കണ്ടെത്തിയത്. മൃതദേഹം ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

നേത്രാവദി നദി കടലിനോട് ചേരുന്ന ഹൊയ്ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്തുനിന്നും മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്‍ അധികൃതരെ വിവരം അറിയിക്കുകയും മൃതദേഹം കരയ്ക്കെത്തിക്കുകയുമായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്താണ് സിദ്ധാർഥയെ കാണാതായത്.
നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രിവൈകിയും തിരച്ചിൽ തുടർന്നു. 36 മണിക്കൂറുകൾക്കു ശേഷമാണ് മൃതശരീരം കണ്ടെടുത്തത്.

സിദ്ധാർത്ഥിന്റെ പേരിൽ പുറത്തു വന്ന കത്തിലെ ഒപ്പും കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ഉള്ള ഒപ്പും തമ്മിൽ വ്യത്യാസമുണ്ടെന്നു ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് വെളിപ്പെടുത്തി. ഇത് പല അബ്യുഹങ്ങൾക്കും ഇടയാക്കി. സിദ്ധാര്‍ത്ഥയെ തട്ടിക്കൊണ്ടുപോയതാവാം എന്നും അബ്യുഹങ്ങൾ പരന്നിരുന്നു.

ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങുകയുമായിരുന്നു എന്നാണ്‌
ഡ്രൈവറുടെ വെളിപ്പെടുത്തൽ.

പാലത്തിന്റെ മറുവശത്ത് കാത്തുനിൽക്കാനും താൻ നടന്നു വന്നോളാം എന്നുമാണ് പറഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു. ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വന്നില്ലെന്നും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നുമാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്.

എന്നാൽ സിദ്ധാര്‍ത്ഥ പുഴയിലേക്ക് ചാടിയതാകാം എന്ന് കരുതുന്ന സമയത്ത് ഒരാൾ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നതായി കണ്ടെന്ന് ഒരു മീൻപിടിത്തക്കാരൻ വെളിപ്പെടുത്തി. അദ്ദേഹത്തെ രക്ഷിക്കാൻ അടുത്തെത്തിയപ്പോഴേക്കും പുഴയിലേക്ക് താഴ്ന്നു പോയിരുന്നു എന്നും പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഴയിലെ തിരച്ചിൽ ശക്തമാക്കിയത്.

അതേസമയം ബെംഗളൂരു-മംഗളൂരു ടോൾ ബൂത്തിന്റെ സി.സി.ടി.വി. ക്യാമറയിൽ സിദ്ധാർത്ഥിന്റെ കാർ അദ്ദേഹത്തെ കാണാതാവുന്നതിന് മിനിട്ടുകൾക്ക് മുൻപ് കടന്നു പോവുന്നതായി കണ്ടെത്തിയിരുന്ന.

മഴക്കാലമായതിനാലും ശക്തമായ അടിയൊഴുക്ക് ഉള്ളതിനാലും തിരച്ചിൽ ദുഷ്കരമായിരുന്നു. ദേശീയദുരന്തനിവാരണസേനയുടെ ഏട്ടുബോട്ടുകളും 12 മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയിരുന്നു. നാവികസേനയുടെ ബോട്ടും ഹെലികോപ്റ്ററും തിരച്ചിലിനെത്തി.

സിദ്ധാർഥ ഫോണിൽ അവസാനമായി സംസാരിച്ചത് ചിക്കമഗളൂരു കഫെ കോഫി ഡേ മാനേജർ ജാവേജ്, ബെംഗളൂരു യൂണിറ്റ് മാനേജർ ചിദംബർ, ഡ്രൈവർ ബസവരാജ് എന്നിവരോടാണെന്ന് പോലീസ് കണ്ടെത്തി. മൂവരുടെയും മൊഴിയെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us