സതാംപ്ടൺ: ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 47.3 ഓവറിൽ ലക്‌ഷ്യം കണ്ടു.
രോഹിത് ശർമയ്ക്ക് ഉജ്വല സെഞ്ചുറി 122 (144). 144 പന്തുകൾ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്സുമടക്കം 122 റൺസോടെ പുറത്താകാതെ നിന്നു. രോഹിതാണ് പ്ലേയർ ഓഫ് ദി മാച്ച്. രോഹിത്തിന്റെ 23-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ രോഹിത് ശർമ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ മൂന്നാമത്തെ കളിക്കാരനായി.
ഇന്ത്യയ്ക്ക് തുടക്കം മുതലേ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ശിഖർ ധവാൻ (8), വിരാട് കോലി (18), കെ.എൽ രാഹുൽ (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച് ധോനി (34) മടങ്ങി.
ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തുടക്കം മുതൽ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ നേടാനായത് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ്. ജസ്പ്രീത് ബൂറയുടെയും യൂസ്വേന്ദ്ര ചാഹലിന്റെയും കണിശതയാർന്ന ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. 34 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറർ.
ക്യാപ്റ്റൻ ഡൂ പ്ലെസി 54 പന്തിൽ നിന്ന് 38 ഉം ഡേവിഡ് മില്ലർ 40 പന്തിൽ നിന്ന് 31 ഉം ഫെഹ്ലുക്വായോ 61 പന്തിൽ നിന്ന് 34 ഉം വാൻ ഡെർ ഡുസ്സെൻ 37 പന്തിൽ നിന്ന് 22 ഉം റൺസെടുത്തു. പത്തോവറിൽ 51 റൺസിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിന്നത്.
എന്നാൽ, പത്തോവറിൽ 35 റൺസിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
രണ്ട് ഓപ്പണർമാരെയും അഞ്ചാം ഓവറിനുള്ളിൽ മടക്കിയത് ബൂംറയാണ്. ഭുവനേശ്വർ കുമാർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.