ഒഡിഷ: സംബൽപുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച നിരീക്ഷകനെ തിരഞ്ഞെടുപ്പുകമ്മിഷൻ സസ്പെൻഡ് ചെയ്ത നടപടിയെ കമ്മിഷൻ ന്യായീകരിച്ചു. കർണാടക കേഡറിലെ 1996 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെയാണ് കമ്മിഷൻ ബുധനാഴ്ച രാത്രി നീക്കിയത്. കർണാടക പിന്നാക്കക്ഷേമവകുപ്പു സെക്രട്ടറിയാണ് മുഹമ്മദ് മുഹ്സിൻ. നടപടിക്കെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കരുതെന്ന നിയമം നിലവിലില്ലെന്നാണ് കോൺഗ്രസിന്റെ വാദം. പരിശോധനയിൽനിന്ന് എസ്.പി.ജി. സുരക്ഷയുള്ളവരെ ഒഴിവാക്കിയ 2019 മാർച്ച് 22-ലെയും 2014 ഏപ്രിൽ 10-ലെയും കമ്മിഷൻ ഉത്തരവ് ലംഘിച്ചതിനാണ് സസ്പെൻഷനെന്നാണ് കമ്മിഷന്റെ വിശദീകരണം.
ഔദ്യോഗികവാഹനങ്ങൾ പ്രചാരണത്തിനുപയോഗിക്കുന്ന കാര്യംമാത്രമാണ് 2014-ലെ ഉത്തരവിൽ പറയുന്നതെന്നും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. 2014 ഏപ്രിൽ 10-ലെ തിരഞ്ഞെടുപ്പു കമ്മിഷന്റെ 464/ഐ.എൻ.എസ്.ടി./2014/ഇ.പി.എസ്. എന്ന ഉത്തരവിന്റെ പകർപ്പും ട്വീറ്റ് ചെയ്തു.
“വാഹനങ്ങൾ പരിശോധിക്കുക എന്ന തന്റെ ജോലിചെയ്ത ഉദ്യോഗസ്ഥനാണ് സസ്പെൻഷനിലായത്. രാജ്യം കാണാൻപാടില്ലാത്ത എന്താണ് ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണം- കോൺഗ്രസ് ആവശ്യപ്പെട്ടു. ചൗക്കിദാർ എന്തൊക്കെയൊ ഒളിക്കാൻ ശ്രമിക്കുകയാണെന്ന് എ.എ.പി.യും ട്വിറ്ററിൽ കുറ്റപ്പെടുത്തി.
മുഹ്സിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംബൽപുരിൽ പ്രധാനമന്ത്രിയെത്തിയ ഹെലികോപ്റ്ററിൽ ചില കടലാസുകൾ പരിശോധിച്ചിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രി പ്രചാരണപരിപാടിക്കെത്താൻ 20 മിനിറ്റ് വൈകി. മുഹ്സിൻ ചട്ടലംഘനം നടത്തിയതായി സംബൽപുർ കളക്ടറും ഡി.ഐ.ജി.യും റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം.
പരിശോധന നടന്ന ചൊവ്വാഴ്ചതന്നെ സസ്പെൻഡ് ചെയ്തതായാണ് ഉത്തരവെങ്കിലും ബുധനാഴ്ച രാത്രിയിലാണിറങ്ങിയത്. 2014-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുഹ്സിനെ സസ്പെൻഡ് ചെയ്തതെങ്കിലും അതിലെ ചട്ടങ്ങൾ പരിശോധന വിലക്കുന്നില്ല. പ്രചാരണത്തിന് ഔദ്യോഗികവാഹനങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രിയുൾപ്പെടെ ജീവന് ഭീഷണിയുള്ള പ്രധാന രാഷ്ട്രീയനേതാക്കളെ അനുവദിച്ച് അന്നത്തെ തിരഞ്ഞെടുപ്പുകമ്മിഷൻ സെക്രട്ടറി സുമിത് മുഖർജി ഇറക്കിയതാണ് ഈ ഉത്തരവ്.
ഇതിൽ ഖണ്ഡിക 10(എ)യിൽ മാത്രമാണ് എസ്.പി.ജി.യെക്കുറിച്ച് പരാമർശമുള്ളത്. സുരക്ഷാകാര്യങ്ങൾ ഏതെങ്കിലും രീതിയിൽ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുന്നെങ്കിൽ നടപടിയെടുക്കാൻ സർക്കാരിനോട് നിർദേശിക്കുകമാത്രമാണതിൽ ചെയ്തിട്ടുള്ളത്. മാർച്ച് 22-ന് ഇറങ്ങിയ ഉത്തരവ് 2014-ലെ ഉത്തരവിന്റെ തുടർച്ചമാത്രമാണ്. ഇതിലും പ്രധാനമന്ത്രിയുടെ വാഹനങ്ങൾ പരിശോധിക്കരുതെന്നു പറയുന്നില്ല.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ഹെലികോപ്റ്ററും ചൊവ്വാഴ്ച ഇതേ ഉദ്യോഗസ്ഥ സംഘം റൂർക്കലയിൽ പരിശോധിച്ചിരുന്നു. ഇതിനോട് പൂർണമായി സഹകരിക്കുന്ന പട്നായിക്കിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഹെലികോപ്റ്ററും കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നഗ്നമായ തിരഞ്ഞെടുപ്പ് അഴിമതി നടക്കുകയാണ്. കമ്മിഷൻ ഇതു ഗൗരവമായി എടുക്കുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും എന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.