ബെംഗളൂരു: കേരളത്തിലെയും കുടകിലെയും പ്രളയബാധിതർക്ക് കൈത്താങ്ങ് ഒരുക്കാൻ വയലിനിൽ സംഗീതവിസ്മയം തീർത്ത് ശബരീഷ് പ്രഭാകർ. മല്ലേഷ് പാളയത്തെ വിജയകിരൺ കൺവെൻഷൻ സെന്ററിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ സംഗീതം കുളിർമഴയായി പെയ്തിറങ്ങിയപ്പോൾ സംഗീതാസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
തബലയിൽ മാന്ത്രിക ത്താളമൊരുക്കാൻ മഹേഷ് മണിയും വേദിയിലെത്തിയിരുന്നു.പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നതിന് ഒരുമ കൂട്ടായ്മയും മല്ലേഷ് പാളയത്തെ നായർ ഫ്രണ്ട്‌സ് അസോസിയേഷനും കൈകോർക്കുകയായിരുന്നു. ഇതിന് ലഭിച്ച ജനപിന്തുണ കൂടിയായിരുന്നു വിസ്മയം എന്ന മ്യൂസിക്കൽ ഫ്യൂഷൻ. അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളോടെയാണ് തുടക്കമായത്.
തുടർന്ന് റിയാലിറ്റി ഷോ താരങ്ങളായ ശിവദാസ് വെള്ളോലിയുടെ നേതൃത്വത്തിൽ റിലാക്‌സ് എന്ന ഹാസ്യ സംഗീത പരിപാടിയും അരങ്ങിലെത്തി. ഹാസ്യവും സംഗീതവും സമന്വയിപ്പിച്ചുള്ള കലാവിരുന്ന് ആസ്വാദകർക്ക് വേറിട്ട അനുഭവമായി.പ്രളയനാളുകളിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് അടിയന്തര സാമ്പത്തികസഹായം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിപാടി അരങ്ങിലെത്തിച്ചത്.
കെ.എൻ.എസ്. എസ്. തിപ്പസാന്ദ്ര, ഇന്ദിര നഗർ കരയോഗത്തിന്റേയും മല്ലേഷ് പാളയത്തെ ജനങ്ങളുടെയും സഹായത്തിൽ പ്രചോദനമുൾക്കൊണ്ടാണ് ദുരിതാശ്വാസസഹായത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതെന്ന് നായർ ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജഗോപാൽ പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ഗോപി നായർ, ഒരുമ ചെയർമാൻ ബിജുമോനോൻ, വിനോദ്, സുധീർ വെളാട്, രാജീവ് എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.