ബെംഗളൂരു: രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിരോധത്തിൽ പതിനാല് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബല്ലാപ്പൂർ ശാന്തിനഗർ സ്വദേശിയായ ഇമ്രാനാണ് സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്. ബുധനാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം നടന്നത്.
കുടുംബം ഉറങ്ങിക്കിടക്കെ ക്രൂരത; തിരച്ചിലിനൊടുവിൽ ദാരുണാന്ത്യം
ഇമ്രാൻ-മുസ്കാൻ ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്. രണ്ടാമതും പെൺകുഞ്ഞ് തന്നെ ജനിച്ചതിൽ ഇമ്രാൻ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി വീട്ടിലുള്ള എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയം നോക്കി ഇമ്രാൻ കുഞ്ഞിനെയെടുത്ത് വീടിന് പുറത്തുള്ള അണ്ടർഗ്രൗണ്ട് വാട്ടർ സംപിലേക്ക് എറിയുകയായിരുന്നു.
രാത്രി ഉറക്കമുണർന്ന മുസ്കാൻ കുഞ്ഞിനെ കാണാതെ വന്നതോടെ പരിഭ്രാന്തയായി വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നടന്ന് തിരച്ചിലിനൊടുവിൽ ഇമ്രാൻ തന്നെയാണ് കുഞ്ഞിനെ വാട്ടർ സംപിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇമ്രാൻ താൻ ചെയ്ത ക്രൂരകൃത്യം പോലീസിനോട് സമ്മതിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും ഇമ്രാനെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]