ബെംഗളൂരു : ബീദർ ഒൗറാദിലെ മുർക്കിയിൽ ഹൈദരാബാദ് സ്വദേശിയും ടെക്കിയുമായ മുഹമ്മദ് അസമിനെ (28) കുട്ടിക്കടത്തുകാരനെന്നു തെറ്റിദ്ധരിച്ച് ആൾക്കൊട്ടം തല്ലിക്കൊന്ന സംഭവത്തിൽ 30 പേർ അറസ്റ്റിൽ.
കൊലപാതകം മൊബൈലിൽ ഷൂട്ട് ചെയ്തു പ്രചരിപ്പിച്ചയാളും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഒരു വാട്ട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മൂന്നുപേർക്കുകൂടി സംഭവത്തിൽ പരുക്കേറ്റിരുന്നു.
ഇവരെ ഹൈദരാബാദിലെ ആശുപത്രിയിലേക്കു മാറ്റി. ബീദറിലെ ഹണ്ടിക്കേരയിലുള്ള സുഹൃത്ത് മുഹമ്മദ് ബഷീർ അഫ്രോസിന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു മുഹമ്മദ് അസവും സുഹൃത്തുക്കളും.
ചിത്രമെടുക്കാനായി ഗ്രാമത്തിൽ വാഹനം നിർത്തി ഇവർ അവിടെ കണ്ട കുട്ടികൾക്കു ചോക്കലേറ്റ് നൽകാൻ ശ്രമിച്ചപ്പോഴാണു കുട്ടിക്കടത്തുകാരെന്നു പ്രദേശവാസികൾ തെറ്റിദ്ധരിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ കാറിനു നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതും സംശയം കൂടാനിടയാക്കിയതായും പൊലീസ് പറഞ്ഞു.
അക്രമം തടയാൻ ശ്രമിച്ച ചില പൊലീസുകാർക്കും പരുക്കേറ്റു. അക്രമികൾക്കെതിരെ ഉടൻ ശിക്ഷാനടപടി സ്വീകരിക്കാൻ തെലങ്കാന സർക്കാർ കർണാടകയോടു നിർദേശിക്കണമെന്നു ഹൈദരാബാദ് ഷാഹീൻ നഗർ നിവാസിയായ മുഹമ്മദ് അസറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.