ഓട്ടോക്കാരെ ഭയന്ന് വെബ്‌ടാക്സിയിലേക്ക് ചേക്കേറിയ നഗരത്തിന് രക്ഷയില്ല;ഒരാഴ്ചക്കിടെ വെബ്‌ടാക്സി ഡ്രൈവര്‍മാരുടെ ആക്രമണം ഇത് നാലാമത്തേത്;യാത്രക്കാരനെ മര്‍ദിച്ചു വിരല്‍ ഓടിച്ച് വണ്ടിയില്‍ നിന്ന് വലിച്ചിറക്കി കടന്നു കളഞ്ഞത് ഉബെര്‍ ടാക്സി ഡ്രൈവര്‍.

ബെംഗളൂരു :ഓട്ടോ റിക്ഷക്കാരുടെ മോശമായ പെരുമാറ്റത്തില്‍ നിന്ന് രക്ഷ നേടാന്‍ ആണ് എല്ലാവരും വെബ്‌ ടാക്സിയിലേക്ക് ചേക്കേറിയത് എന്നാല്‍ അവിടെയും സ്ഥിതിഗതികള്‍ പന്തിയല്ല എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്,കഴിഞ്ഞ ഒരാഴ്ചക്ക് ഉള്ളില്‍ നഗരത്തില്‍ നാല് ആക്രമണങ്ങള്‍ ആണ് ഓല ,ഉബെര്‍ ടാക്സികളുടെതായി റിപ്പോര്‍ട്ട് ചെയ്തത്.

യാത്രക്കാരനെ മർദിച്ച് ഗുരുതര പരുക്കുകളോടെ റോഡിൽ ഉപേക്ഷിച്ച് വെബ്ടാക്സി ഡ്രൈവർ കടന്നുകളഞ്ഞതായി പരാതി. സ്വകാര്യ കമ്പനി ജീവനക്കാരൻ ആബിർ ചന്ദ്ര (30) ആണ് പരാതി നൽകിയത്.

ആക്രമണത്തിൽ രണ്ടു വിരലുകൾ ഒടിയുകയും മുഖത്തും തലയിലും ഒട്ടേറെ ക്ഷതങ്ങളേൽക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ജയനഗറിലെ ജോലി സ്ഥലത്തുനിന്നു മാറത്തഹള്ളിയിലെ വീട്ടിലേക്കു പോകാനാണ് വെബ്ടാക്സി വിളിച്ചത്. വീട്ടിൽ ചില അതിഥികൾ കാത്തിരിക്കുന്നുണ്ടെന്നും അതിനാൽ അൽപം വേഗത്തിൽ പോകാനും ആവശ്യപ്പെട്ടു. പകുതിദൂരം പിന്നിട്ടപ്പോൾ ഗതാഗതക്കുരുക്കു കൂടുതലാണെന്നും അതിനാൽ കാറിൽ നിന്നിറങ്ങാനും ‌ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ തന്നെ വലിച്ചിറക്കി. ഡ്രൈവറെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും ക്രൂരമായി മർദിച്ചു.

മൂക്കിൽനിന്നും വായിൽനിന്നും ചോരയൊലിച്ചിട്ടും മർദനം തുടർന്നു. തുടർന്നു വഴിയിൽ ഉപേക്ഷിച്ച് കാറുമായി കടന്നുകളഞ്ഞു. സംഭവത്തെക്കുറിച്ച് സുദ്ധഗുണ്ടെപാളയ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തലയ്ക്കും കൈയ്ക്കുമെല്ലാം പരുക്കേറ്റ് ചികിൽസയിൽ ആയിരുന്നതിനാൽ കേസിന്റെ പുരോഗതി അറിയാനായില്ല.ഇതു സംബന്ധിച്ച് ഊബറിനും പരാതി നൽകിയിട്ടുണ്ട്. അതേസമയം യാത്രക്കാരൻ കയ്യേറ്റം ചെയ്തതായി ഡ്രൈവറും പരാതി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

കുറ്റാരോപിതനായ ഡ്രൈവറെ പുറത്താക്കിയതായും ഇയാൾക്കെതിരായ അന്വേഷണം നടന്നുവരികയാണെന്നും ഊബർ അറിയിച്ചു. ഈ മാസം നാലിനു വിമാനത്താവളത്തിലേക്ക് ഓട്ടം വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഓല ഡ്രൈവർ അറസ്റ്റിലായിരുന്നു. 10ന് ഊബർ ടാക്സി ബുക്ക് ചെയ്ത സ്ത്രീയെ ട്രിപ് റദ്ദാക്കാനായി ഡ്രൈവർ വിളിച്ചു ഭീഷണിപ്പെടുത്തി.

അതേദിവസം തന്നെ വെയ്റ്റിങ് ചാർജ് ആവശ്യപ്പെട്ടു യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഓല ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us