കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ഇന്ന്; പങ്കെടുക്കാൻ നിരവധി ദേശീയ നേതാക്കൾ ഇന്ന് ബെംഗളൂരുവിൽ;നഗരം കനത്ത സുരക്ഷയിൽ; സത്യപ്രതിജ്ഞ തൽസമയം കാണാൻ വിവിധയിടങ്ങളിൽ കൂറ്റൻ എൽ ഇ ഡിസ്ക്രീനുകൾ;വിധാൻ സൗധക്ക് മുന്നിൽ ഇന്ന് നടക്കുന്ന”മാമാങ്ക”ത്തിന്റെ ഒരുക്കങ്ങൾ ഇങ്ങനെ.

ബെംഗളൂരു: കോൺഗ്രസ്-ദൾ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ കനത്ത സുരക്ഷാവലയത്തിൽ വിധാൻ സൗധ. ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ചടങ്ങ് കുറ്റമറ്റതാക്കാൻ ചീഫ് സെക്രട്ടറി കെ. രത്നപ്രഭയാണ് ചുക്കാൻ പിടിക്കുന്നത്.

കുമാരസ്വാമിക്കു പുറമെ ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജി. പരമേശ്വര മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കിലും മന്ത്രിമാരും അധികാരമേൽക്കും എന്നാണ് ഒൗദ്യോഗിക ക്ഷണക്കത്തിലുള്ളത്. 75,000 പേർക്കാണ് കസേരകൾ ഒരുക്കിയിട്ടുള്ളത്.

എന്നാൽ,  കൂടുതൽ ആളുകൾചടങ്ങു നേരിൽ കാണാൻ എത്തിയേക്കും. കർഷകർ ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചു കൊണ്ടാണ് മാധ്യമങ്ങളിൽ പരസ്യം നൽകിയിട്ടുള്ളത്.

വിധാൻ സൗധയ്ക്കു മുന്നിലെ അംബേദ്കർ പ്രതിമ മുതൽ നമ്മ മെട്രോ എക്സിറ്റ് വരെയാണ് കസേരകൾ നിരത്തിയിരിക്കുന്നത്. ഇവിടെ നടപ്പാതയിൽ മാത്രമായി എട്ടു നിര കസേരകളാണുള്ളത്. സത്യപ്രതിജ്ഞ തൽസമയം കാണിക്കാനുള്ള കൂറ്റൻ എൽസിഡി സ്ക്രീനുകൾ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ വേദിയിൽ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നതും എൽസിഡി സ്ക്രീനാണ്. വിധാൻ സൗധയ്ക്കു ചുറ്റുമുള്ള ബാരിക്കേഡുകളിൽ കുമാരസ്വാമിയുടെയും  ദേവെഗൗഡയുടെയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, നേതാക്കളായ പരമേശ്വര, കെ.സി വേണുഗോപാൽ, ഡി.കെ ശിവകുമാർ തുടങ്ങിയ വരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിമാരും വിവിധ പാർട്ടികളുടെ ദേശീയ നേതാക്കളും പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷാർഥം 35 കർണാടക സംസ്ഥാന റിസർവ് പൊലീസ് (കെഎസ്ആർപി),50 സിറ്റി ആംഡ് റിസർവ് പ്ലാറ്റൂണുകളെ വിന്യസിച്ചിട്ടുണ്ട്. എട്ട് ഡിസിപിമാർ, 50 എസിപിമാർ, 100 എസ്ഐമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബെംഗളൂരു സിറ്റി പൊലീസ് സുരക്ഷയൊരുക്കുന്നത് നഗരത്തിലെ വാഹനഗതാഗതം നിയന്ത്രിക്കാൻ 3000 ട്രാഫിക് പൊലീസുകാരെയും നിയോഗിച്ചിരിക്കുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഇന്നു വിധാൻസൗധ, എംജി റോഡ്, ശിവാജിനഗർ, അംബേദ്കർ റോഡ്, രാജ്‌ഭവൻ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കിനു സാധ്യത. ഒരുലക്ഷത്തിലേറെ പേർ സത്യപ്രതിജ്ഞ കാണാനെത്തുമെന്നാണ് സൂചന. കോൺഗ്രസ്, ദൾ പാർട്ടി പ്രവർത്തകരും വിധാൻസൗധയ്ക്കു മുന്നിലെത്തുമെന്നതിനാൽ ഇവിടേക്കുള്ള റോ‍ഡുകളിലെല്ലാം വൻ വാഹനത്തിരക്ക് ഉണ്ടാകും.

വിധാൻസൗധയ്ക്കു മുന്നിലുള്ള അംബേദ്കർ വീഥി, കബൺ റോഡ്, രാജ്ഭവൻ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കാനും സാധ്യതയുണ്ട്. അതേസമയം മെട്രോ സർവീസുകളെ ആശ്രയിക്കുന്നവർക്കു തിരക്കിൽപ്പെടാതെ വിധാൻസൗധ, കബൺപാർക്ക്, എംജി റോഡ്, ട്രനിറ്റി സർക്കിൾ സ്റ്റേഷനുകളിൽ ഇറങ്ങാൻ തടസമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us