ബെംഗളൂരു : ദേവനഹള്ളിയിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിന്റെ കിഴക്കൻ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈസ്‌റ്റേൺ കണക്ടിവിറ്റി തുരംഗപാത നിർമിക്കാൻ പദ്ധതിയിട്ട് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.).
മഹാദേവപുര, സർജാപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് പദ്ധതി.
യാഥാർഥ്യമായാൽ വൈറ്റ്ഫീൽഡിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാസമയത്തിൽ 30 മിനിറ്റ് കുറവു വരും.
നാലു വരികളുള്ള രണ്ടര കിലോമീറ്റർ തുരംഗ പാതയ്ക്കുള്ള നിർദേശം വിമാനത്താവളം അധികൃതർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവിലെ വ്യോമയാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ മുൻനിർത്തിയാണ് ബി.ഐ.എ.എൽ. ഈസ്റ്റേൺ കണക്റ്റിവിറ്റി ടണൽ പദ്ധതി മുന്നോട്ടുവെച്ചത്.
ബി.ഐ.എ.എല്ലിന്റെ 16,500 കോടി രൂപയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുന്നതാണ് ഈ തുരങ്കം. വിമാനത്താവളം കാംപസിൽ രണ്ട് മെട്രോ സ്റ്റേഷനുകൾ, വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ പുതിയ സ്റ്റാൻഡുകൾ, പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തൽ, രണ്ടാം ടെർമിനലിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കൽ തുടങ്ങിയവയാണ് മറ്റു പദ്ധതികൾ.
പാത വന്നാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് പുറമേ നഗരത്തിൽ മൊത്തത്തിലുള്ള വാഹനഗതാഗതവും സുഗമമാകുമെന്നാണ് കരുതുന്നത്.
തിരക്കേറിയ ഹെബ്ബാൾ മേൽപ്പാലത്തിലും വാഹനങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കിഴക്കൻ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പോകാൻ ബാഗലൂർ, ബേഗൂർ വഴി ഉപയോഗിക്കാം. എന്നാൽ, ഈ ഭാഗത്ത് റോഡുകൾ പലതും മോശം അവസ്ഥയിലാണ്.
തുരങ്കപാത വന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. നഗരത്തിൽ സിൽക്ക് ബോർഡ് ജങ്ഷനും ഹെബ്ബാളിനും ഇടയിൽ 18 കിലോമീറ്റർ തുരങ്കപാത നിർമിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് മറ്റൊരു തുരങ്കപാത പദ്ധതി ഉയർന്നു വരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.