ബെംഗളൂരു: ഒരു കുറിപ്പിലൂടെ ബെംഗളൂരുവിലെ ഒരു വീട്ടുടമസ്ഥൻ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമാവുകയാണ്.
കാര്യം മറ്റൊന്നുമല്ല, തന്‍റെ വീട്ടില്‍ താമസിക്കുന്ന വാടകക്കാരോടുള്ള ഇദ്ദേഹത്തിന്‍റെ പെരുമാറ്റമാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ അദ്ദേഹത്തെ താരമാക്കിയത്.
ബെംഗളൂരുവിലെ ഒരു വാടകക്കാരനാണ് തന്‍റെ വീട്ടുടുമയുമായുള്ള അപൂർവ്വ സൗഹൃദത്തിന്‍റെ കഥ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്.
65 കാരനായ തന്‍റെ വീട്ടുടമ വലിയൊരു മനസിന് ഉടമയാണെന്നും കഴിഞ്ഞ അഞ്ച് വർഷത്തോളമായി താൻ അദ്ദേഹത്തിന്‍റെ വീട്ടിലാണ് താമസിക്കുന്നത് എങ്കിലും ഒരു രൂപ പോലും അദ്ദേഹം ഇതുവരെയായും വാടക കൂട്ടിയിട്ടില്ലെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട കുറിപ്പില്‍ പറയുന്നത്.
മാത്രമല്ല, വീട്ടുടമ പലപ്പോഴും തനിക്ക് അത്താഴം സൗജന്യമായി വാങ്ങിച്ചു തരാറുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇത്തരത്തിലുള്ള മനുഷ്യർ ഈ ലോകത്ത് വളരെ ചുരുക്കമായിരിക്കും എന്നും ഇതിനുമുമ്പ് തന്നോട് ആരും ഇതുപോലെ സ്നേഹത്തില്‍ പെരുമാറിയിട്ടില്ലെന്നും വാടകക്കാരൻ തന്‍റെ അനുഭവക്കുറിപ്പില്‍ എഴുതി.
കൂടാതെ, 2018 മുതല്‍ ഇത്രയും കാലമായിട്ടും തന്നോട് ഒരേ വാടകയാണ് അദ്ദേഹം വാങ്ങിക്കുന്നതെന്നും ഇതുവരെയും ഒരു രൂപ പോലും കൂട്ടി വാങ്ങിയിട്ടില്ലെന്നും ഇദ്ദേഹം കുറിച്ചു.
പലപ്പോഴും തന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്ന അദ്ദേഹം തന്‍റെ ജീവിതാനുഭവങ്ങള്‍ അഭിമാനത്തോടെ പങ്കുവയ്ക്കാറുണ്ടെന്നും മകളുടെ ജീവിത വിജയത്തില്‍ അഭിമാനം കൊള്ളുന്ന അദ്ദേഹം തനിക്ക് ഭക്ഷണം നല്‍കാറുണ്ടെന്നും ചിലപ്പോഴൊക്കെ അദ്ദേഹം ബ്രാണ്ടി ഓഫര്‍ ചെയ്യാറുണ്ടെങ്കിലും താനത് ഉപയോഗിക്കാത്തതിനാല്‍ നിരസിക്കാറാണ് പതിവെന്നും യുവാവ് എഴുതി.
തന്‍റെ വീട്ടുടമയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന വാചകത്തോടെയാണ് യുവാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബെംഗളൂരുവിലെ ഉയർന്ന വാടക നിരക്കിലും വീടുകള്‍ കിട്ടാനില്ലാതെ വലയുന്ന സമൂഹ മാധ്യമ ഉപയോക്താക്കളും ബെംഗളൂരുവിലെ താമസക്കാരും കുറിപ്പ് പെട്ടെന്ന് തന്നെ ഏറ്റെടുത്തു.
പിന്നാലെ നിരവധി പേര്‍ തങ്ങളുടെ വീട്ടുമസ്ഥരെ കുറിച്ച് കുറിപ്പുകളെഴുതി.
എല്ലാ വർഷവും അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ തോന്നിയ രീതിയില്‍ തന്‍റെ വീട്ടുടമസ്ഥന്‍ വാടക വർദ്ധിപ്പിക്കാറുണ്ട് എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
ബെംഗളൂരു നഗരത്തില്‍ ഇത്തരത്തില്‍ ഒരു വീട്ടുടമയുണ്ട് എന്ന് അറിയുന്നത് തന്നെ ആശ്ചര്യകരമാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.