പഴകിയ വസ്തുക്കൾ ഉപയോഗിച്ചു; കെഎഫ്സി അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷ വകുപ്പ് 

ചെന്നൈ: ലോകപ്രശസ്ത അമേരിക്കൻ റെസ്റ്റോറൻന്റായ കെഎഫ്‌സിയുടെ ഔട്ട്ലെറ്റ് അടച്ചുപൂട്ടി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ്.

തൂത്തുക്കുടി ജില്ലയിലെ കെഎഫ്സി ഔട്ട്‌ലെറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.

പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റില്‍ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ എന്നിവ പിടികൂടുകയും റസ്റ്റോറന്റിന്റെ ലൈസൻസ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു.

വിവിധ പാനിപൂരി സ്റ്റാളുകളില്‍ കൃത്രിമ കളറിംഗ് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു.

അതിനിടെയാണ് കെഎഫ്സിയിലെ തട്ടിപ്പ് കണ്ടെത്തിയത്.

അതേ സമയം വിഷയത്തില്‍ വിശദീകരണവുമായി കെഎഫ്സി രംഗത്തെത്തിയിട്ടുണ്ട്.

പാചകം ചെയ്യുന്നതിന് ശാസ്ത്രീയമായ രീതികളും അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കെഎഫ്സി ഇന്ത്യ വ്യക്തമാക്കി.

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ അംഗീകൃത വിതരണക്കാരില്‍ നിന്നാണ് വാങ്ങുന്നതെന്നും കെഎഫ്സി വ്യക്തമാക്കി.

എഫ്‌എസ്‌എസ്‌എഐ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, മാരിനേറ്റ് ചെയ്ത ചിക്കൻ ഉള്‍പ്പെടെ എല്ലാ കെഎഫ്സി ചിക്കനും പാകം ചെയ്ത ശേഷം കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്.

നിലവിലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് അധികൃതരുമായി ചർച്ചകള്‍ നടത്തിവരികയാണെന്നും കെഎഫ്സി വ്യക്തമാക്കി.

ലാബില്‍ നിർമ്മിക്കുന്ന ഒരു തരം രാസ പദാർത്ഥമാണ് മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്.

ഇത് വെളുത്തതും മണമില്ലാത്തതും നേർത്തതുമായ പൊടിയാണ്, ഇത് വെള്ളത്തില്‍ എളുപ്പത്തില്‍ ലയിക്കും.

പല മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉണ്ടാക്കാനും ഭക്ഷണ സാധനങ്ങള്‍ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനും ഇത് ഉപയോഗിക്കുന്നു.

ജലത്തെ ആഗിരണം ചെയ്യുന്നതും ആൻറാസിഡ് ഗുണങ്ങളുള്ളതുമാണ് മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്.

ഇതിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) ഇന്ത്യയില്‍ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക് നിരോധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us