ബെംഗളൂരു: രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷന് സമീപം കാർ ബൈക്കിൽ ഇടിച്ച് ഡെലിവറി ബോയ് മരിച്ചു. അപകടശേഷം 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. ഫുഡ് ഡെലിവറി ആപ്പിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന മൈസൂരു ജില്ലയിലെ എച്ച്ഡി കോട്ടെ സ്വദേശി പ്രസന്ന കുമാറാണ് മരിച്ചത്. ഉപജീവനത്തിനായി ബെംഗളൂരുവിലെത്തിയതായിരുന്നു ഇയാൾ. കാർ ഡ്രൈവർ വിനായകിനെ ജനങ്ങൾ മർദിച്ച ശേഷം പോലീസിൽ ഏൽപ്പിച്ചു.
പ്രതി വിനായക് ഒരു കാർ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിനായക്കിന് ലഭിച്ച പ്രൊമോഷന്റെ ഭാഗമായി സുഹൃത്തുക്കൾക്ക് നടത്തിയ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള ഇയാളുടെ സുഹൃത്തുക്കൾ മദ്യലഹരിയിലാണ് കാറിൽ യാത്ര ചെയ്തത്. രാജരാജേശ്വരി നഗറിലെ ഒരു സുഹൃത്തിനെ വീട്ടിലേക്ക് വിടാൻ പോകുകയായിരുന്നു ഇവർ. കാർ പിന്നിൽ നിന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നു, ഇടിച്ച ശേഷം പ്രതികൾ വാഹനം നിർത്താതെ മൃതദേഹം 100 മീറ്ററോളം വലിച്ചിഴച്ചു. പിന്നീട് പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. അപകടം കണ്ടുനിന്ന വഴിയാത്രക്കാർ ഒരു കിലോമീറ്ററോളം കാറിനെ പിന്തുടർന്ന് ഡ്രൈവറെ പിടികൂടി. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. രോഷാകുലരായ ജനക്കൂട്ടം കാറിന്റെ ചില്ലുകൾ തകർത്ത് പ്രതിയെ ബയതരായണപുര ട്രാഫിക് പോലീസിന് കൈമാറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.