മൈസൂരു : ബന്ദിപ്പുർ വന്യജീവി സങ്കേതമേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണാടക വനംവകുപ്പ്. വനഭൂമികൈയേറ്റം തടയാനാണിത്.
ഇനിമുതൽ വന്യജീവി സങ്കേതത്തിനരികെ റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ എന്നിവ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റേതിനുപുറമേ വനംവകുപ്പിന്റെ അനുമതിയും വാങ്ങണം.
കൂടാതെ, ഇത്തരം നിർമാണപ്രവർത്തനങ്ങൾ ടൂറിസം, വനംവകുപ്പുകളുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം.
മേഖലയിൽ വിനോദസഞ്ചാരത്തിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണ് വകുപ്പ്. കടുവാ സംരക്ഷണകേന്ദ്രത്തിനുള്ളിൽ നിലവിലുള്ള സർക്കാർ ഗസ്റ്റ് ഹൗസുകൾ ഘട്ടംഘട്ടമായി അടയ്ക്കും.
കടുവാ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ താമസം അനുവദിക്കരുതെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദേശമുണ്ടെന്ന് ബന്ദിപ്പുർ ടൈഗർ റിസർവ് (ബിടിആർ) ഡയറക്ടർ എസ്. പ്രഭാകരൻ പറഞ്ഞു.
സങ്കേതത്തിന്റെ ഭൂമി കൈയേറിയ എല്ലാവരെയും കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ വനാതിർത്തിയിൽ സർവേ നടക്കുന്നുണ്ട്.
പ്രദേശത്ത് നിലവിലുള്ള നിർമാണ പ്രവർത്തന ലൈസൻസുകൾ പുതുക്കുന്നതിന് ഇനി വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്.
പുതിയ നിർമാണങ്ങൾക്ക് അനുമതികൾ നൽകാതിരിക്കുന്ന കാര്യവും വകുപ്പ് ആലോചിക്കുന്നുണ്ട്.
വനാതിർത്തിയിൽ വർധിച്ചുവരുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ഊർജിതമാക്കാൻ വനംവകുപ്പ് തീരുമാനിച്ചതായും പ്രഭാകരൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.