ബെംഗളൂരു : ബെംഗളൂരു ശ്രീരാംപുരയിൽ പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു. ജക്കരായനകെരെയിലെ രണ്ടേക്കർ പാർക്കിങ് സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്.
ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് പിടികൂടുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്.
ബുധനാഴ്ച രാവിലെ 11-ഓടെയാണ് പാർക്കിങ് സ്ഥലത്തിന്റെ മധ്യഭാഗത്തുനിന്ന് തീപടർന്നതെന്ന് പോലീസ് പറഞ്ഞു.
യെശ്വന്തപുര, ദൊബ്ബാസ്‌പേട്ട്, രാജാജിനഗർ, ഹൈഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് ഫയർ എൻജിനുകൾ എത്തി രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
130 ഇരുചക്രവാഹനങ്ങളും 10 ഓട്ടോറിക്ഷകളും പത്തു കാറുകളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ശ്രീരാംപുര പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ ഉണക്കപ്പുല്ലിന് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം അന്വേഷണത്തിലൂടെയെ അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടികൂടുന്ന വാഹനങ്ങൾ ജക്കരായനകെരെയിലേ പാർക്കിങ് സ്ഥലത്തേക്കാണ് കൊണ്ടുവരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.