എടിഎമ്മിൽ ആക്രമണത്തിനിടെ രണ്ട് സുരക്ഷ ജീവനക്കാരെ വെടിവെച്ചു കൊന്ന് 93 ലക്ഷം കവർന്ന അക്രമികളെ പോലീസ് തിരിച്ചറിഞ്ഞു

ബെംഗളൂരു : ബീദറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 93 ലക്ഷം രൂപ, രണ്ട് സുരക്ഷാജീവനക്കാരെ വെടിവെച്ചുകൊന്നശേഷം കവർന്നവർ രക്ഷപ്പെട്ടത് ഹൈദരാബാദിലേക്ക്.

ബൈക്കിലെത്തിയ രണ്ടുപേരാണ് ബീദർ നഗരത്തിലെ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ കൊലപാതകവും കവർച്ചയും നടത്തിയത്.

രണ്ടുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടാൻ ഊർജിതശ്രമം നടത്തുകയാണെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

ഇവരെത്താൻ സാധ്യതയുള്ള മധ്യപ്രദേശിലുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായും അറിയിച്ചു.

പണത്തിന്റെ പെട്ടിയുമായി ബൈക്കിലാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഏജൻസിയെയാണ് എസ്.ബി.ഐ. എ.ടി.എമ്മിൽ പണം നിറയ്ക്കാൻ ചുമതലപ്പെടുത്തിയത്.

പണവുമായി ഇവർ വന്ന വാഹനം ബാങ്കിന്റെ മുൻപിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. സാധാരണ ഇത്രയധികം പണം കൊണ്ടുവരുമ്പോൾ തോക്കുമായി സുരക്ഷാജീവനക്കാരൻ ഒപ്പമുണ്ടാവാറുണ്ട്. പക്ഷേ, വ്യാഴാഴ്ച ആയുധമില്ലാതെ സാധാരണ സുരക്ഷാജീവനക്കാരാണ് ഒപ്പമുണ്ടായത്.

അക്രമികൾ എട്ടുറൗണ്ട് വെടിയുതിർത്താണ് കവർച്ചനടത്തിയത്. വെടിയേറ്റ ഒരു സുരക്ഷാജീവനക്കാരൻ സംഭവസ്ഥലത്ത് മരിച്ചു.

മറ്റൊരു ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഗിരി വെങ്കടേശ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പകൽ 11.30-ഓടെയാണ് സംഭവം.

അക്രമികൾ ഹൈദരാബാദിലും വെടിവെപ്പുനടത്തി

ബീദറിൽനിന്ന് രക്ഷപ്പെട്ട് വ്യാഴാഴ്ച വൈകീട്ടോടെ ഹൈദരാബാദിലെത്തിയ സംഘം അവിടെ ഒരു ട്രാവൽ സ്ഥാപനത്തിന്റെ മാനേജരെ വെടിവെച്ച്‌ പരിക്കേൽപ്പിച്ചതായി വിവരം.

ഹൈദരാബാദിൽനിന്ന് റായ്‌പുരിലേക്ക് ബസിൽ പോകാനെത്തിയ രണ്ടുപേരിലൊരാൾ, ഇവരുടെ ബാഗുകൾ പരിശോധിക്കവേ വെടിയുതിർത്തതായി തെലങ്കാന പോലീസ് പറഞ്ഞു.

ഇവർ ബീദറിൽ കവർച്ചനടത്തി രക്ഷപ്പെട്ടെത്തിയവരാണെന്നാണ് പോലീസ് കരുതുന്നത്. ഹൈദരാബാദിൽനിന്ന് ബസിൽ രക്ഷപ്പെടാനെത്തിയതാണെന്നാണ് വിവരം.

ഹൈദരാബാദിലെ അഫ്‌സൽ ഗുഞ്ചിലാണ് അക്രമമുണ്ടായത്. ട്രാവൽ സ്ഥാപന മാനേജരെ വെടിവെച്ച് പരിക്കേൽപ്പിച്ചശേഷം അവിടെനിന്ന് രക്ഷപ്പെട്ടു. ഓട്ടോറിക്ഷയിലാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

ഇവരെ പിടികൂടാനായി തെലങ്കാന പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അക്രമികൾ ബിഹാറുകാരാണെന്ന് തെലങ്കാന പോലീസ് സംശയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us