കസവ് സാരി എവിടെയെങ്കിലും കണ്ടാൽ അവിടെയൊരു മലയാളി കൈയ്യൊപ്പ് ഉറപ്പാണ് അത് ആരും കൈവിടല്ലേ
വീട്ടിൽ ഉപയോഗ്യശൂന്യമായ പഴയ കസവ് സാരി ഉണ്ടോ? 40.000 രൂപ വരെ തരാം. റീലുകളിലും, ദിനപത്രങ്ങളിൽ തിരുകിയ കടലാസ് പരസ്യങ്ങളിലുമായി ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്.
ചിലർ ഇത് കണ്ട് മൂക്കത്ത് വിരൽ വച്ചു, മറ്റ് ചിലർ വീട്ടിലെ അലമാരകൾ അരിച്ചു പെറുക്കി ഇനി എങ്ങാനും പഴയ കസവ് സാരിയോ പാട്ടുപാവാടയോ കസവുള്ള എന്തെങ്കിലും കിട്ടുമോയെന്ന് നോക്കി പരക്കം പായുന്നു.
എത്ര കീറിയതാണേലും മുഷിഞ്ഞതാണേലും കസവ് ആണെങ്കിൽ ഇതിന് പണം ഉറപ്പാണ്, അതും ചിന്തിക്കാവുന്നതിലും അപ്പുറമുള്ള പണം. 3000 മുതൽ ലക്ഷങ്ങൾ വരെ വിലവരുന്ന കസവ് സാരികളാണ് ഇന്ന് കേരളത്തിൽ ലഭിക്കുന്നത്.
‘ഈ പരസ്യം കണ്ട ശേഷം നിരവധി ആളുകളാണ് ഞങ്ങളുടെ എടുത്ത് സാരി കൊണ്ട് വരാറുള്ളത്. എന്നാൽ ഇതിൽ ചിലത് മാത്രമേ ഒറിജിനൽ ആകാറുള്ളു. ഒറിജിനൽ കസവ് സാരികൾ ആണെങ്കിൽ അപ്പോൾ തന്നെ പണവും നൽകാറുണ്ട്,’ കാക്കനാട് പടമുകളിൽ കസവ് സ്റ്റാൾ നടത്തുന്ന യുവാവ് മാധ്യമങ്ങളോട് പറഞ്ഞു . കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിൽ നിന്നും ഇവർ കസവ് വാങ്ങുന്നുണ്ട്.
ലക്ഷങ്ങൾ വരെ വില വരുന്ന ഈ സാരികൾക്ക് എന്താണ് ഇത്ര ഡിമാന്റന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ. ഇതിന് കാരണങ്ങൾ പലതുണ്ട്.
പ്രധാനമായും കസവ് സാരികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പല വസ്തുക്കളും ദുർലഭമാണ് എന്നുള്ളതാണ് . ഉദാഹരണത്തിന്, കസവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പലതരം നൂലുകൾ.
കോട്ടൺ അല്ലെങ്കിൽ സിൽക്ക് തുണിത്തരങ്ങളിൽ ബോർഡർ ലൈനുകളോ ഡിസൈനുകളോ ഉണ്ടാക്കാൻ നല്ല സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ചതാണ് യഥാർത്ഥ കസവ് .
അതുകൊണ്ട് തന്നെ ഇതിന്റെ മൂല്യം കൂടുന്നു. കസവ് സാരികൾ പൂർണമായും കൈകൊണ്ട് നിർമ്മിക്കുന്നവയാണ്. നെയ്തെടുക്കാൻ നിരവധി ദിവസങ്ങൾ വേണ്ട ഓരോ സാരിയും ഒരു കലാസൃഷ്ടിയാണ്.
കേരള തനിമയെ ഓർമിപ്പിക്കുന്ന കസവുസാരികൾ കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതും സത്യമാണ് .
അടുത്തിടെ കസവ് ശ്രദ്ധ ആകർഷിച്ചത് വയനാടിൻറെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർലമെൻറിൽ സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക ഗാന്ധി വാദ്ര കസവ് സാരിയിൽ എത്തിയപ്പോഴാണ്.
കേരളത്തിൻറെ പൈതൃകത്തോടുള്ള ആദരവ് വ്യക്തമാക്കി കൊണ്ടായിരുന്നു പ്രിയങ്ക പാർലമെൻറിൽ എത്തിയത്. അതുപോലെ തന്നെയാണ് കഴിഞ്ഞ ഒരു പരിപാടിയിൽ നിത മുകേഷ് അംബാനി കസവ് സാരി ഉടുത്തെത്തിയത്.
ഇതെല്ലാം കസവിന് കേരളം വിട്ടുള്ള സ്വീകാര്യതയും വ്യക്തമാക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.