സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായത് 7.85 ശതമാനം വർധന

ബെംഗളൂരു : ഉയർന്ന താപനിലയും വരൾച്ചയും കാരണം പോയവർഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വർധനയുണ്ടായി.

2023 ഓഗസ്റ്റിനും 2024 ജൂലായ്ക്കുമിടയിൽ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗത്തിൽ 7.85 ശതമാനം വർധനയാണുണ്ടായത്.

ഗൃഹജ്യോതി പദ്ധതിയുടെ ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗവും 7.13 ശതമാനം വർധിച്ചിട്ടുണ്ട്. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിൽ (ബെസ്‌കോം) കഴിഞ്ഞവർഷം 3.76 ശതമാനംമാത്രമേ ഉപഭോഗം വർധിച്ചുള്ളൂ.

എന്നാൽ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള അഞ്ച്‌ വൈദ്യുതിവിതരണ കമ്പനികളിൽ 10 ശതമാനംമുതൽ 19.75 ശതമാനംവരെ വർധനയുണ്ടായി.

2022 ഓഗസ്റ്റിനും 2023 ജൂലായ്ക്കുമിടയിൽ സംസ്ഥാനത്ത് ആകെ 4.64 ശതമാനം വർധനയാണുണ്ടായിരുന്നത്. 2023-2024 വർഷം സംസ്ഥാനത്ത് ആകെ 16,089 മില്യൺ യൂണിറ്റാണ് വീടുകളിലെ വൈദ്യുതി ഉപഭോഗം.

മുൻവർഷത്തെ അപേക്ഷിച്ച് 1263 മില്യൺ യൂണിറ്റ് അധികമാണിത്. സംസ്ഥാനത്ത് രണ്ടുകോടിക്കടുത്ത് വീടുകളിലാണ് വൈദ്യുതിയുള്ളത്. ഇതിൽ 1.60 കോടി വീട്ടുകാരും ഗൃഹജ്യോതി പദ്ധതിയുടെ ഉപഭോക്താക്കളാണ്.

വരൾച്ചയും ഉയർന്ന താപനിലയുമാണ് സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ഉപഭോഗം വർധിപ്പിച്ചതെന്നും എന്നാൽ, ഈ വർഷം നല്ല മഴ ലഭിച്ചതിനാൽ ഉപഭോഗം ശരാശരി നിലവാരത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും ഊർജവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

2023-ൽ വേനൽമഴ കുറവായതിനാൽ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ കുറവുണ്ടായി. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. സ്വകാര്യകമ്പനികളിൽനിന്ന് സർക്കാർ വൈദ്യുതി വാങ്ങുന്ന സാഹചര്യവുണ്ടായി.

എന്നിട്ടും വീടുകളിലെ ഉപഭോഗം വർധിക്കുകയാണ് ചെയ്തത്. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ 63 ശതമാനവും നിറവേറ്റുന്നത് ജലവൈദ്യുതി, സൗരോർജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജസ്രോതസ്സുകൾവഴിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us