ബെംഗളൂരു∙ യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എസി സൂപ്പർഫാസ്റ്റ് പ്രതിവാര എക്സ്പ്രസ് അടുത്ത വർഷം മാർച്ച് 6 മുതൽ എക്സ്പ്രസ് സർവീസായി മാറും.
ട്രെയിനിന്റെ നമ്പറിലും മാറ്റം വരും. യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ 22677 എന്ന നമ്പറിന് പകരം 16561 ആണ് പുതിയ നമ്പർ. തിരുവനന്തപുരം നോർത്ത്–യശ്വന്തപുര എക്സ്പ്രസിന്റെ 22678 എന്ന നമ്പർ 16562 ആകും.
യശ്വന്ത്പുരയിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 3.20ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം വഴി വെള്ളിയാഴ്ച രാവിലെ 6.45നാണ് തിരുവനന്തപുരം നോർത്തിലെത്തുന്നത്. തിരുവനന്തപുരം നോർത്തിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച പുലർച്ചെ 3.55ന് യശ്വന്തപുരയിലെത്തും.
യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ്, ഓർഡിനറി എക്സ്പ്രസാകുന്നതോടെ സെക്കൻഡ് സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്താനാകും. നിലവിൽ 14 തേഡ് എസി, 2 എസി ടു ടയർ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുകളാണുള്ളത്.
സ്റ്റോപ്പുകളുടെ എണ്ണവും വർധിപ്പിച്ചേക്കും. ബെംഗളൂരുവിൽ കെആർ പുരം ഉൾപ്പെടെ 14 സ്റ്റോപ്പുകളാണുള്ളത്.
വ്യാഴാഴ്ചകളിൽ യശ്വന്തപുരയിൽ നിന്ന് നേരത്തെ പുറപ്പെടുന്ന ട്രെയിനിൽ പലപ്പോഴും സീറ്റുകൾ കാലിയാണ്. മടക്ക സർവീസിലും സമാന അവസ്ഥ.
ഈ ട്രെയിനിന്റെ സർവീസ് തിരക്കുള്ള വെള്ളിയാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചകളിലുമായി ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ കൂട്ടായ്മകൾ നേരത്തെ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
എസി സൂപ്പർഫാസ്റ്റ് ട്രെയിനായതിനാൽ ടിക്കറ്റ് നിരക്കും കൂടുതലാണ്.
യശ്വന്ത്പുരയിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ എസി ത്രിടയറിൽ 1225 രൂപയും ടു ടയറിൽ 1735രൂപയും ഫസ്റ്റ് എസിയിൽ 2915 രൂപയാണ് നിരക്ക്. എക്സ്പ്രസിലേക്ക് മാറുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് ഗുണകരമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.