ബെംഗളൂരു : സംസ്ഥാനത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ആത്മവിശ്വാസത്തിൽ രാഷ്ട്രീയ പാർട്ടികൾ.
വഖഫ് ഭൂമി വിഷയവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മുഡ കേസും മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരായ കോവിഡ് കാലത്തെ ക്രമക്കേടുമെല്ലാം പ്രചാരണത്തിൽ ഇടംപിടിച്ചിരുന്നു.
ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്.
എൻ.ഡി.എ.യ്ക്കു വേണ്ടി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും കോൺഗ്രസിനു വേണ്ടി ബി.ജെ.പി.യിൽ നിന്നെത്തിയ സി.പി. യോഗേശ്വറും നേർക്കുനേർ മത്സരിക്കുന്ന ചന്നപട്ടണയാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം.
തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ നിഖിലിന്റെ ഭാര്യ രേവതിയും വോട്ടഭ്യർഥിക്കാനെത്തി.
ഇവിടെ നിഖിലിനു വേണ്ടി മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ പലദിവസങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.
ബി.എസ്. യെദ്യൂരപ്പയും എച്ച്.ഡി. കുമാരസ്വാമിയുമെല്ലാം വിവിധ ദിവസങ്ങളിൽ പ്രചാരണത്തിനെത്തി.
കോൺഗ്രസ് നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമെല്ലാം ഇവിടെ യോഗേശ്വറിനു വേണ്ടി പ്രചാരണത്തിനിറങ്ങി. ഇരു പാർട്ടികളുടെയും റോഡ് ഷോകളിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്.
എച്ച്.ഡി. കുമാരസ്വാമി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനാലാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഷിഗാവിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബൊമ്മെയാണ് ബി.ജെ.പി. സ്ഥാനാർഥി.
ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബസവരാജ് ബൊമ്മെ തുടങ്ങിയ നേതാക്കൾ ഇവിടെ ഭരതിനായി പ്രചാരണത്തിനെത്തി.
കോൺഗ്രസ് സ്ഥാനാർഥി യാസിർ അഹമ്മദ് ഖാനു വേണ്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയുൾപ്പെടെയുള്ളവരെത്തിയിരുന്നു.
സന്ദൂരിൽ കോൺഗ്രസ് സ്ഥാനാർഥി അന്നപൂർണ തുക്കാറാമിനുവേണ്ടിയും സിദ്ധരാമയ്യ പ്രചാരണത്തിനെത്തിയിരുന്നു. ഇവിടെ ബംഗാര ഹനുമന്തയ്യയാണ് ബി.ജെ.പി. സ്ഥാനാർഥി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.