ബെംഗളൂരു : കർണാടകത്തിലെ പട്ടികവർഗ വികസനവകുപ്പിനു കീഴിലുള്ള മുഴുവൻ ഹോസ്റ്റലുകളും ഇനി വാല്‌മീകി മഹർഷിയുടെ പേരിൽ അറിയപ്പെടും. ഹോസ്റ്റലുകൾക്ക് വാല്‌മീകിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. റായ്ചൂരു സർവകലാശാലയുടെ പേരും മഹർഷി വാല്‌മീകി സർവകലാശാല എന്നാക്കും.
വ്യാഴാഴ്ച ബെംഗളൂരുവിൽ വാല്‌മീകി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്. കർണാടകത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന പ്രബല സമുദായമാണ് വാല്‌മീകിസമുദായം. പട്ടികവർഗ വികസന കോർപ്പറേഷൻ മഹർഷി വാല്‌മീകിയുടെ പേരിലാണുള്ളത്.
കോർപ്പറേഷനിൽനടന്ന ഫണ്ട് തിരിമറിക്കേസിൽ സിദ്ധരാമയ്യ സർക്കാർ ആരോപണക്കുരുക്കിലാണ്. അതിനിടെയാണ് മുഴുവൻ എസ്.ടി. ഹോസ്റ്റലുകൾക്കും വാല്‌മീകിയുടെ പേരിടുന്നത്. മൂന്നു മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആരോപണങ്ങളെ മറികടക്കാൻകൂടിയാണ് സർക്കാർ നീക്കമെന്നാണ് വിലയിരുത്തൽ.
രാജനഹള്ളി വാല്‌മീകിമഠത്തിലെ സ്വാമി പ്രസന്ന നന്ദപുരി, മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, കെ.എൻ. രാജണ്ണ, എച്ച്.കെ. പാട്ടീൽ, വി.എസ്. ഉഗ്രപ്പ എം.പി., ബസവനഗൗഡ ദഡ്ഡൽ, വാല്‌മീകി സമുദായനേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.