ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് പെരിന്തൽമണ്ണയിലേക്കു പോകുന്ന സ്വകാര്യ സ്ലീപ്പർ ബസ് കർണാടകത്തിലെ ഹുൻസൂരിൽ നിയന്ത്രണംവിട്ടുമറിഞ്ഞ് മലയാളി വിദ്യാർഥി മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
രാമനാട്ടുകര കണ്ടംകുളത്തി വീട്ടിൽ അമൽ ഫ്രാങ്ക്ലിനാ(22)ണ് മരിച്ചത്. ഹുൻസൂരിനടുത്ത് ബന്നികുപ്പയിൽ വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് അപകടം. പരിക്കേറ്റവരെ ഹുൻസൂരിലെയും മൈസൂരുവിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് വഴി പെരിന്തൽമണ്ണയിലേക്കു പോകുന്ന എസ്.കെ.എസ്. എ.സി. സ്ലീപ്പർ ബസാണ് അപകടത്തിൽപെട്ടത്. ബി. ടെക് വിദ്യാർഥിയായ അമൽ പഠനത്തിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്ന് ഇന്റേൺഷിപ്പ് പൂർത്തിയാക്കി മടങ്ങുമ്പോഴായിരുന്നു അപകടം. സഹോദരൻ വിനയും ഒപ്പമുണ്ടായിരുന്നു. വിനയിന് ചെറിയ പരിക്കേറ്റു.
ബസ് മറിയുന്നതിനിടെ ചില്ല് തകർന്ന് അമൽ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അമലിന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്.
അമിതവേഗമാണ് അപകടകാരണമെന്ന് യാത്രക്കാർ ആരോപിച്ചു. എന്നാൽ എതിരെവന്ന കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ഡ്രൈവർ പറഞ്ഞു. യാത്രക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്.
കേരള ഗ്രാമീൺ ബാങ്ക് മാനേജരായ ഫ്രാങ്ക്ലിന്റെയും എൽ.ഐ.സി. രാമനാട്ടുകര ബ്രാഞ്ച് ഉദ്യോഗസ്ഥ പ്രീത തോമസിന്റെയും മകനാണ് അമൽ.
മൈസൂരു മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. മൈസൂരു കേരള സമാജം പ്രവർത്തകർ സഹായത്തിനെത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.