ഗണേശോത്സവ ഘോഷയാത്രയ്‌ക്കിടെ അക്രമം; 25-ഓളം കടകൾക്ക് തീയിട്ടു 50 പേർ അറസ്റ്റിൽ

ബെംഗളൂരു : മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെ അക്രമം.

ഘോഷയാത്രയുടെ നേർക്ക് കല്ലേറുണ്ടായി. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. 25-ഓളം കടകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു.

ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് അവധി നൽകി.

ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ മൈസൂരു-നെലമംഗല റോഡിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായത്.

പ്രദേശത്തെ ദർഗയുടെ മുൻപിൽ ഘോഷയാത്രയെത്തിയപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.

ഇതിനിടെയാണ് കല്ലേറുണ്ടായത്. തുടർന്ന് ഘോഷയാത്രയിലുണ്ടായിരുന്നവർ നാഗമംഗല പോലീസ് സ്റ്റേഷനുമുൻപിൽ പ്രതിഷേധിച്ചു.

ഇതിനിടെയാണ് കടകൾക്കും വാഹനങ്ങൾക്കും തീയിട്ടത്. കൂടുതൽ പോലീസെത്തി ആളുകളെ പിരിച്ചുവിട്ട് സംഘർഷത്തിന് അയവുവരുത്തി.

ഈ വഴിക്കുള്ള ഗതാഗതം പോലീസ് തടഞ്ഞു. വാഹനങ്ങളെ ബിന്ദിഗാനവിലെ-ബൊഗാഡി റോഡുവഴി തിരിച്ചുവിട്ടു. അക്രമങ്ങളിൽ 50 പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.

അറസ്റ്റു ചെയ്തവരുടെ ബന്ധുക്കൾ വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷന് മുൻപിലെത്തിയത് വീണ്ടും സംഘർഷസാധ്യതയുണ്ടാക്കി.

ഇരുവിഭാഗങ്ങളിലുമുള്ള സ്ത്രീകളുൾപ്പെടെയുള്ളവരാണ് നാഗമംഗല ടൗൺ പോലീസ് സ്റ്റേഷനു മുൻപിലെത്തിയത്. അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പിന്നീട് പോലീസ് ഇവരെ തിരിച്ചയച്ചു. മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദൻഡി, ദക്ഷിണ മേഖലാ ഐ.ജി. ബൊറലിംഗയ്യ, ഡെപ്യൂട്ടി കമ്മിഷണർ കുമാർ എന്നിവർ സ്ഥലത്തെത്തി. ജില്ലയുടെ ചുമതലയുള്ള മന്ത്രി എൻ. ചലുവരായസ്വാമി സ്ഥലം സന്ദർശിച്ചു.

ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ അക്രമം സമൂഹത്തിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

മതങ്ങളുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു. കോൺഗ്രസ് സർക്കാരിന്റെ പ്രീണന നയമാണ് സംഭവത്തിനുപിന്നിലെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us