ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടകത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടതായി വിവരം.
വയനാട്ടിൽ കർണാടകക്കാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാഥമികവിവരമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
വിവരം ലഭിച്ചപ്പോൾത്തന്നെ ഇവരെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരെ ചികിത്സിക്കാൻ മൈസൂരു കെ.ആർ. ആശുപത്രിയിലും എച്ച്.ഡി. കോട്ടെ ആശുപത്രിയിലും സജ്ജീകരണമേർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൊണ്ടുവരാൻ വാഹനസൗകര്യവുമേർപ്പെടുത്തി.
ചാമരാജ്നഗർ ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ ഹെൽപ് ലൈൻ നമ്പർ തുടങ്ങിയിട്ടുണ്ട്. ഗുണ്ടൽപേട്ടിൽനിന്ന് വയനാട്ടിൽ സ്ഥിരമായി വിവിധ ജോലികൾക്കായി പോകുന്ന തൊഴിലാളികളാണ് ഉരുൾപൊട്ടലിൽപെട്ടതെന്നാണ് സൂചന. എത്ര തൊഴിലാളികൾ ഇതിൽപെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.
ഏകോപനത്തിന് രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥർ
വയനാട്ടിൽ കർണാടകത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മലയാളിയായ പി.സി. ജാഫർ, ദിലീഷ് സായി എന്നിവരെയാണ് ചുമതലയേൽപ്പിച്ചത്. ഇവർ കേരളസർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ബെംഗളൂരുവിൽനിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘത്തെയും കരസേനയുടെ മദ്രാസ് എൻജിനിയറിങ് സംഘത്തെയും വയനാട്ടിലെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ അയച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
എം.ഇ.ജി.യിൽനിന്നുള്ള ഒരു ഓഫീസറും രണ്ട് ജെ.സി.ഒ.മാരും വിവിധ റാങ്കിലുള്ള 70 ഉദ്യോഗസ്ഥരും 15 വാഹനങ്ങളിൽ രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളുമായി വയനാട്ടിലേക്ക് പോയിട്ടുണ്ട്.
ഇതിനുപുറമേ രണ്ട് ഓഫീസർമാരും നാല് ജെ.സി.ഒ.മാരും 100 സൈനികരും അവശ്യ ഉപകരണങ്ങളുമായി 40 വാഹനങ്ങളിലായി പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ ബന്ദിപ്പൂർ ചെക് പോസ്റ്റിൽ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിന്റെ ദുരന്തനിവാരണ അതോറിറ്റിയുമായി കർണാടകം സ്ഥിരമായി ബന്ധപ്പെട്ടുവരുകയാണ്.
അതിർത്തിജില്ലകളായ മൈസൂരുവിലെയും ചാമരാജനഗറിലെയും ഡെപ്യൂട്ടി കമ്മിഷണർമാർ വേണ്ട പിന്തുണ നൽകുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഹെൽപ് ലൈൻ :ചാമരാജനഗർ ഡി.സി.ഓഫീസിലെ ഹെൽപ് ലൈൻ നമ്പറുകൾ: 08226-223163, 08226-223161, 08226-223160. വാട്സാപ്പ് നമ്പർ: 9740942901. െെമസൂരു ഡി.സി. ഓഫീസിലെ ഹെൽപ് ലൈൻ നമ്പർ: 0821-24223800
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.