ബെംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ മലയാളി യുവതി ഉഡുപ്പിയിലെ ഹോട്ടലില്‍ തങ്ങിയത് അർബുദ രോഗ ചികിത്സക്കെന്ന പേരിലാണെന്ന് പോലീസ് കണ്ടെത്തി.
കാസർകോട് ജില്ലയില്‍ ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരൻ (35) കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ അറസ്റ്റിലായിരുന്നു.
ദിവസം 1000 രൂപ നിരക്കില്‍ മുറിയെടുത്ത യുവതി 6000 രൂപയാണ് ലോഡ്ജില്‍ അടച്ചിരുന്നത്. ബാക്കി തുക ഭർത്താവ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.
ഐ.എസ്.ആർ.ഒയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റാണെന്നതിന്റെ വ്യാജരേഖ ശ്രുതിയുടെ വീട്ടില്‍ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി.
യുവതി മാട്രിമോണിയല്‍ സൈറ്റില്‍ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന പേരില്‍ വിവാഹാലോചനക്ക് പരസ്യം നല്‍കിയും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നവരില്‍ നിന്ന് പണവും പൊന്നും വാങ്ങിയും കബളിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
ഉഡുപ്പിയിലെ ഹോട്ടല്‍ മുറിയില്‍ 30 ദിവസമായി രണ്ട് മക്കള്‍ക്കൊപ്പമാണ് ഒളിവില്‍ കഴിഞ്ഞത്.
വിവാഹവാഗ്ദാനം നല്‍കിയശേഷം പണം തട്ടി മുങ്ങുന്നതാണ് ശ്രുതിയുടെ തന്ത്രം.
കർണാടക, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിലും ശ്രുതി തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി.
പെരിയാട്ടടുക്കത്തെ യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവനും തട്ടിയെടുത്തുവെന്ന പരാതിയിലാണ് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്.
വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ യുവതി പലരോടും വിവാഹവാഗ്ദാനം നടത്തി പണം തട്ടിയിരുന്നതായും പറയുന്നു.
മേല്‍പ്പറമ്പിലെ കേസില്‍ ജില്ല സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു.
ജിംനേഷ്യത്തില്‍ പരിശീലകനായ യുവാവില്‍നിന്ന് സമാന രീതിയില്‍ പണം കൈക്കലാക്കിയിട്ടുണ്ട്.
നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായത് മനസ്സിലാക്കിയ യുവാവ് പണം തിരികെ ചോദിച്ചപ്പോള്‍ ജിം പരിശീലകൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജ പരാതി നല്‍കുകയായിരുന്നു.
ആത്മഹത്യ നാടകം നടത്തി യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിട്ടുമുണ്ട്.
ശ്രുതിയുടെ ബലാത്സംഗ പരാതിയില്‍ കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഇയാള്‍ ദിവസങ്ങളോളം ജയിലിലുമായിരുന്നു.
തനിക്കെതിരെ നീങ്ങുന്നവരെ കേസില്‍ കുടുക്കുന്ന തന്ത്രമാണ് ശ്രുതി ഉപയോഗിച്ചിരുന്നത്.
ബലാത്സംഗ കേസും കുട്ടികളെകൊണ്ട് പോക്സോ കേസും നല്കി രണ്ട് പേരെ ജയിലിലാക്കിയിരുന്നു.
യുവതിയുടെ ദുർനടപ്പ് ഭർത്താവിനെ അറിയിച്ചതിന്റെ പേരില്‍ ഭർത്താവിന്റെ അമ്മാവനെയും പോക്സോ കേസില്‍ കുടുക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.