ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷന് (ബി.ബി.എം.പി.) കീഴിലുള്ള എല്ലാ പാർക്കുകളും ഇനി രാവിലെ അഞ്ചുമുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കുമെന്ന് ബെംഗളൂരു നഗരവികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
നിലവിൽ രാവിലെ അഞ്ചു മുതൽ 10 വരെയും ഉച്ചയ്ക്ക് 1.30 മുതൽ രാത്രി എട്ടുവരെയുമാണ് തുറക്കുന്നത്.
പാർക്കുകൾ പകൽ സമയങ്ങളിൽ അടച്ചിടരുതെന്ന് ഒട്ടേറെ ആളുകൾ ആവശ്യപ്പെടുന്നുണ്ടെന്നും ജനങ്ങളുടെ സൗകര്യാർഥമാണ് രാവിലെ മുതൽ രാത്രി 10 വരെ തുടർച്ചയായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും ശിവകുമാർ പറഞ്ഞു.
പാർക്കുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ 1,200-ലധികം പൊതു പാർക്കുകൾ ഉണ്ട്.
രാജ്യത്ത് തന്നെ പാർക്കുകൾ കൂടുതലുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ബൃഹത് ബെംഗളൂരു മഹാനഗരപാലികെയുടെ (ബി.ബി.എം.പി.) പരിധിയിൽ വരുന്ന പാർക്കുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക.
അതേസമയം, സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന് കീഴിലുള്ള ലാൽബാഗും കബൺപാർക്കും നിലവിലുള്ള സമയക്രമം തുടരും.
നിലവിൽ മിക്കപാർക്കുകളും രാവിലെ തുറന്ന ശേഷം പകൽസമയങ്ങളിൽ അടച്ചിടുന്നതിനാൽ സമയം ചെലവഴിക്കാനിറങ്ങുന്ന ഒട്ടേറെ ആളുകൾ നിരാശരായി മടങ്ങുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.