ബെംഗളൂരു∙ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റിന്റെ നിർമാണം നഗരാതിർത്തിയായ ബിഡദിയിൽ പൂർത്തിയായി.
പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റിന്റെ പ്രവർത്തനം ഈ മാസം ആരംഭിച്ചേക്കും.കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത്.
കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിൽ 260 കോടിരൂപ ചെലവഴിച്ച് നിർമിച്ച പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ചുമതല ബിബിഎംപിക്കാണ്.
പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം പ്ലാന്റിൽ സംസ്കരിക്കാം. 2020ലാണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 8 രൂപയ്ക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
നഗരത്തിലെ തീരാപ്രശ്നമായ മാലിന്യ സംസ്കരണം പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ വൈദ്യുതി പ്ലാന്റ് സ്ഥാപിച്ചത്.
നഗരത്തിലെ ഖര, ദ്രവ മാലിന്യം കൊണ്ടിടുന്ന അതിർത്തി മേഖലകളിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.
മാലിന്യവുമായി എത്തുന്ന ലോറികൾ തടയുന്നതോടെ നഗരത്തിലെ മാലിന്യനീക്കം ദിവസങ്ങളോളം തടസ്സപ്പെടുന്നതും പതിവാണ്.
നേരത്തെ ബിബിഎംപിയുടെ കോറമംഗലയിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നു.
കോർപറേറ്റ് കമ്പനികളുടെ സഹായത്തോടെ നഗരത്തിലെ കൂടുതൽ ഇടങ്ങളിലെ മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽ ബയോഗ്യാസ്, വൈദ്യുതി പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കും ബിബിഎംപി രൂപം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.