ബെംഗളൂരു: കോവിഡ് കാലത്ത് നിർത്തലാക്കിയ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്കപ്പല്‍ സർവിസ് പുനരാരംഭിച്ചു.
അതിവേഗ കപ്പലായ ‘എം.എസ്.വി പരളി’ 160 യാത്രക്കാരുമായി പഴയ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു.
സഞ്ചാര സമയം നേരത്തെയുള്ള 13 മണിക്കൂറില്‍ നിന്ന് ഏഴായി കുറയുമെന്ന് അധികൃതർ പറഞ്ഞു.
ലക്ഷദ്വീപിലെ കടമത്ത്, കില്‍ത്താൻ ദ്വീപുകളെ കർണാടകയുടെ തുറമുഖ നഗരവുമായി ബന്ധിപ്പിച്ചാണ് കപ്പല്‍ സർവിസ്.
പൈലറ്റ്, ചീഫ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ, എട്ട് ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പല്‍ ജീവനക്കാരായുള്ളത്.
650 രൂപയാണ് ടിക്കറ്റ് നിരക്ക്. ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കില്‍ത്താനിലേക്ക് കപ്പല്‍ മടക്ക സർവിസ് നടത്തും.
മംഗളൂരുവിലെ ആരോഗ്യ പരിപാലന സേവനങ്ങള്‍ പ്രയോജനപ്പെടുത്താൻ കപ്പല്‍ സർവിസ് ആരംഭിച്ചതോടെ കഴിയുമെന്ന് ഇവിടെ ചികിത്സക്കായി വന്ന നസീബ് ഖാൻ പറഞ്ഞു.
ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികള്‍ പ്രധാനമായും കൊച്ചിയില്‍നിന്നാണ് കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യുന്നത്.
എന്നാല്‍, ലക്ഷദ്വീപിന് മംഗളൂരുവുമായാണ് കടലടുപ്പം.
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ദൂരം 391 കിലോമീറ്റർ ആണെങ്കില്‍ മംഗളൂരുവില്‍ നിന്ന് 356 കിലോമീറ്ററാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.