ബെംഗളൂരു : തുമകൂരുവിലെ കുഞ്ചാഗിയിൽ മൂന്നുപേരെ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേർ പിടിയിൽ.
തുമകൂരു സ്വദേശിയായ സ്വാമി, ഇയാളുടെ അഞ്ചുകൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. മരിച്ചവരുടെ കൈവശമുണ്ടായിരുന്ന സ്വർണം തട്ടിയെടുത്തശേഷം സ്വാമിയും സംഘവും ഇവരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് കുഞ്ചാഗിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിയകാറിനുള്ളിൽ മൂന്നുമൃതദേഹങ്ങൾ കണ്ടെത്തിയത്.
തുടർന്നുനടന്ന പരിശോധനയിൽ ദക്ഷിണ കന്നഡ ബെൽത്തങ്ങാടി സ്വദേശി ഇംത്യാസ് (34), മാദഡ്ക്ക സ്വദേശി ഇസാക് (56), നാഡ സ്വദേശി സാഹുൽ (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
കത്തിയ കാർ വിശദപരിശോധന നടത്തിയതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസെത്തിയത്.
തുടർന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺകോൾ വിവരങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
കത്തിയകാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയസംഭവം കുഞ്ചാഗിയിൽ വലിയ ആശങ്കകൾസൃഷ്ടിച്ചിരുന്നു. വെള്ളമില്ലാത്ത കുളത്തിലായിരുന്നു കാറുണ്ടായിരുന്നത്.
ആദ്യഘട്ടത്തിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്നാണ് തീ പിടിത്തമുണ്ടായതെന്ന വിലയിരുത്തലിലായിരുന്നു പ്രദേശവാസികൾ.
എന്നാൽ കാറിന് സമീപത്ത് ബലപ്രയോഗം നടന്നലക്ഷണം കണ്ടെത്തിയതോടെ പോലീസ് നടത്തിയ വിശദപരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ലഭിക്കുകയായിരുന്നു. കോറ പോലീസാണ് കേസന്വേഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.