ബെംഗളൂരു: പതിനഞ്ചുലക്ഷം രൂപയുടെ വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചതില്‍ പ്രകോപിതരായി ബാങ്ക് കൊള്ളയടിച്ച ബേക്കറിയുടമയും സംഘവും പിടിയില്‍.
5 മാസത്തിന് ശേഷമാണ് മോഷ്ടാക്കളെ പോലീസ് പിടികൂടിയത്.
എസ്ബിഐ ദാവണഗെരെ ന്യാമതി ശാഖയില്‍ കവര്‍ച്ച നടത്തിയവരെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്.
തമിഴ്‌നാട് സ്വദേശികളായ വിജയ് കുമാര്‍, അജയ് കുമാര്‍, പരമാനന്ദ്, ദാവണഗെരെ സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, ചന്ദ്രു എന്നിവരാണ് അറസ്റ്റിലായത്.
വിജയ് കുമാറും അജയ് കുമാറും സഹോദരങ്ങളാണ്. 17.7 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്.
ഉസലംപട്ടിയില്‍ 30 അടി താഴ്ചയുള്ള കിണറില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു 15 കിലോഗ്രാം.
ബാക്കി ചില ജൂവലറികളില്‍ നിന്ന് പിടിച്ചെടുത്തു. 13 കോടി രൂപ മൂല്യം വരും. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് സ്‌ട്രോങ് റൂം തകര്‍ത്ത് സ്വര്‍ണമടങ്ങിയ ലോക്കര്‍ ഒക്ടോബര്‍ 26-ന് കവര്‍ന്നത്.
വിജയ് കുമാറും അജയ് കുമാറും ന്യാമതിയില്‍ ബേക്കറിക്കച്ചവടം നടത്തുകയാണ്.
2023-ല്‍ വിജയകുമാര്‍ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിരസിച്ചു.
തുടര്‍ന്ന്, ഒരു ബന്ധുവിന്റെ പേരില്‍ അപേക്ഷ നല്‍കിയെങ്കിലും അതും നിരസിച്ചു. ഈ വായ്പ നിരസിച്ചതോടെയാണ് മോഷണം ആസൂത്രണം ചെയ്തത്.
പിന്നീട് വിജയകുമാറാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. മണി ഹീസ്റ്റ് അടക്കമുള്ള വെബ് സീരീസുകളും യുട്യൂബ് ചാനലുകളും കണ്ട് ബാങ്ക് കൊള്ളയെപ്പറ്റി ആറുമാസത്തോളം പഠിച്ചശേഷമായിരുന്നു കവര്‍ച്ചയ്ക്കിറങ്ങിയത്.
അന്തർ സം സ്ഥാന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് ആദ്യം കരുതിയത്.
ക്രൈം ഡ്രാമയായ ‘ മണി ഹീസ്റ്റ് ‘ 15 തവണ പ്രതികള്‍ കണ്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ആറ് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കവര്‍ച്ച.
പ്രതികള്‍ ആരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നതും അന്വേഷണത്തെ സങ്കീര്‍ണമാക്കി.
സ്‌ട്രോങ്ങ് റൂം ലോക്കറുകളിലൊന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കടക്കാന്‍ വേണ്ടി ജനാലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ നീക്കം ചെയ്തായിരുന്നു ലോക്കര്‍ തുറന്ന് പണയം വച്ച സ്വര്‍ണ്ണം കവര്‍ന്നത്.
കവര്‍ച്ചക്കായി ബാങ്കിന് രണ്ടുദിവസം തുടര്‍ച്ചയായി അവധി ലഭിച്ച ദിവസങ്ങളാണ് തെരഞ്ഞെടുത്തത്.
ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറും മോഷ്ടാക്കള്‍ കൊണ്ടുപോയി.
ഫോറന്‍സിക് വിശകലനത്തെ തടസ്സപ്പെടുത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് മുളകുപൊടി വിതറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.