കേരളത്തിൽ നിപ വൈറസ് സാന്നിധ്യം; രണ്ട് ജില്ലകൾക്ക് മുൻകരുതൽ നിർദേശം 

കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളില്‍ മുൻകരുതല്‍ വേണമെന്ന് എൻഐവി.

നിപ ബാധിത മേഖലയായ കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചെന്ന് പഠന റിപ്പോർട്ട്.

പൂനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളില്‍ നിപബാധിത മേഖലകളില്‍ നിന്നും ശേഖരിച്ച വവ്വാല്‍ സ്രവങ്ങളുടെ പരിശോധന ഫലങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര,മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നാണ് വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിച്ചത്.

272 വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 20.9 ശതമാനത്തില്‍ നിപ വൈറസ് ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നു.

44 വവ്വാലുകളുടെ കരളില്‍ നിന്നും പ്ലീഹയില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍ നാലെണ്ണത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി.

മുമ്പ് കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും പഠനത്തിൽ വ്യക്തമായി.

മുൻവർഷങ്ങളില്‍ നടത്തിയ പരിശോധനകളിലും മേഖലയിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

രോഗം വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് ഫ്രന്റീയേഴ്സ് മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പുനല്‍കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us