ലോക്‌സഭാ തിരഞ്ഞെടുപ്പ്: 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന് ബി.ജെ.പി. എം.പിയുടെ വിവാദ പരാമർശം

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന് ബി.ജെ.പി. നേതാവും എം.പി.യുമായ അനന്ത്കുമാർ ഹെഗ്‌ഡെ.

ഇതിനായി ലോക്‌സഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാവേരി ജില്ലയിലെ സിദ്ദാപുരയ്ക്കടുത്ത് ഹലഗേരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്താവന വിവാദമായതോടെ അനന്ത്കുമാർ ഹെഗ്‌ഡെയെ തള്ളി ബി.ജെ.പി. രംഗത്തെത്തി. ഹെഗ്‌ഡെയുടേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി. എക്‌സിൽ കുറിച്ചു. പ്രസ്താവനയെ രൂക്ഷമായി വിർശിച്ച് കോൺഗ്രസും രംഗത്തെത്തി.

കോൺഗ്രസ് ഭരണകാലത്ത് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതെല്ലാം മാറ്റിയെടുക്കണമെന്നും അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞു.

ഇതിന് ബി.ജെ.പി.ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷം പോരാ. ഇതിനായി രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം. രാജ്യത്തെ മൂന്നിൽരണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി. ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹെഗ്‌ഡെയുടെ പ്രസ്താവന നരേന്ദ്ര മോദിയുടെയും ആർ.എസ്.എസിന്റെയും ഒളിച്ചുവെച്ച ലക്ഷ്യങ്ങളുടെ പ്രഖ്യാപനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു.

അംബേദ്കർ രൂപംനൽകിയ ഭരണഘടനയുടെ നാശമാണ് മോദിയുടെയും ബി.ജെ.പി.യുടെയും ലക്ഷ്യം.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന അവർക്ക് നീതിയോടും തുല്യതയോടും വ്യക്തികളുടെ അവകാശങ്ങളോടും ജനാധിപത്യത്തോടും വെറുപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഏകാധിപത്യത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന്റെയും ആർ.എസ്.എസിന്റെയും അജൻഡയാണ് പ്രസ്താവനയിലൂടെ തുറന്നുകാട്ടപ്പെട്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

ഭരണഘടനയെ ആക്രമിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമമാണ് ബി.ജെ.പി.യുടേതെന്ന് കർണാടക കോൺഗ്രസ് എക്‌സിൽ കുറിച്ചു.

ഉത്തരകന്നഡ ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയായ അനന്ത് കുമാർ ഹെഗ്‌ഡെ നേരത്തേയും വിവാദപ്രസ്താവന നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us