ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിലെ പ്രധാന കെട്ടിടത്തിന്റെ പുനർനിർമാണപ്രവൃത്തി മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ.
നിർമാണം തുടങ്ങുന്നതിന് മുന്നോടിയായി റെയിവേ സ്‌റ്റേഷനുമുമ്പിലെ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി പൂർത്തിയായി.
ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
മൂന്നുലെയ്‌നുള്ള റോഡാണിത്. ഗതാഗതം തുടങ്ങിക്കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷനോടു ചേർന്ന പഴയറോഡിന്റെ ഒരുഭാഗം അടയ്ക്കും.
നിർമാണ പ്രവൃത്തി തടസ്സമില്ലാതെ നടക്കുന്നത് ലക്ഷ്യമിട്ടാണിത്.
പുതുതായി നിർമിച്ച റോഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതോടെ നിലവിലുള്ള ഗതാഗതക്കുരുക്കും പരിഹരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനുമുൻവശം.
ബെംഗളൂരു കോർപ്പറേഷനുമായി ചേർന്നാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. റോഡിന്റെ വലതുവശത്തുള്ള റെയിൽവേയുടെ സ്ഥലം ഇതിനായി വിട്ടുകൊടുത്തിരുന്നു.
ബൈയ്യപ്പനഹള്ളി റെയിൽവേ സ്‌റ്റേഷനു സമാനമായി ആധുനിക രീതിയിലുള്ള റെയിൽവേ സ്‌റ്റേഷനായി കന്റോൺമെന്റിനേയും മാറ്റുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ പരമ്പരാഗത വാസ്തുശിൽപ രീതിയനുസരിച്ച് നിർമിച്ച കെട്ടിടത്തിന്റെ തനിമ ചോരാതെയായിരിക്കും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.
എസ്‌കലേറ്ററുകൾ, ശീതീകരിച്ച വിശ്രമമുറികൾ, ആധുനിക രീതിയിലുള്ള ലഘുഭക്ഷണശാലകൾ, വാഹനങ്ങൾ നിർത്താനുള്ള പാർക്കിങ് സ്ഥലം തുടങ്ങിയവ റെയിൽവേ സ്റ്റേഷനിലുണ്ടാകും.
നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മെട്രോ പാതയുമായി ഭാവിയിൽ റെയിൽവേ സ്‌റ്റേഷനെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
2025 ഒക്‌ടോബറിൽ പദ്ധതി പൂർത്തിയാക്കാനാണ് റെയിൽവേയുടെ ലക്ഷ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.