ബെംഗളൂരു: സംസ്ഥാനത്തും കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്.
കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി.
കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണിത്.
400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനിൽ കഴിയുന്നത്.
ചിലർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സന്ദർശിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെ.എൻ1 കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.
കോവിഡ് തരംഗകാലത്ത് ചെയ്തിരുന്ന പോലെ ടെലി ഐ.സി.യു സംവിധാനം വഴിയും കോവിഡ് രോഗികളെ നിരീക്ഷിക്കും.
പുതുവത്സരാഘോഷ പശ്ചാത്തലത്തിൽ ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് വാർഡുകൾ ഒരുക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നേരത്തെ നിർദേശിച്ചിരുന്നു.
പ്രായമായവരും രോഗങ്ങളുള്ളവരും മുൻകരുതൽ വാക്സിൻ സ്വീകരിക്കണം.
ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാതെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.
അതേസമയം, പുതുവത്സരാഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും സർക്കാർ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തുന്നില്ലെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാർ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കും സർക്കാർ, സർക്കാറിതര മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഒരാഴ്ച നിർബന്ധിത കാഷ്വൽ ലീവ് നൽകണം, അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ആശുപത്രിയിൽ പ്രവേശന കാലയളവിലേക്ക് പ്രത്യേക അവധി നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ കണക്കനുസരിച്ച്, മൂന്ന് മരണങ്ങൾ ഉൾപ്പെടെ ജെ.എൻ1 വേരിയന്റിന്റെ 34 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 69 ജെ.എൻ1 കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കർണാടകയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.