ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് നൊവാക്ക് ജോക്കോവിച്ച്. ഫൈനലില്‍ നോര്‍വേയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരത്തിന്റെ കിരീട നേട്ടം ജയത്തോടെ 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തം പേരില്‍ കുറിച്ചു. റോളണ്ട് ഗാരോസില്‍ മൂന്ന് മണിക്കൂറ് നീണ്ട പോരാട്ടത്തിനൊടുവില്‍ ആദ്യ ഗ്രാന്‍സ്ലാം കിരീടം മോഹിച്ചിറങ്ങിയ കാസ്പര്‍ റൂഡിന് നിരാശ സമ്മാനിച്ച് ജോക്കോവിച്ച് കിരീടത്തോടൊപ്പം ബാറ്റ് വീശി കയറിയത് പുതിയ റെക്കോര്‍ഡിലേക്ക് കൂടിയാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡാണ് ജോക്കോവിച്ച് സ്വന്തം പേരില്‍ കുറിച്ചത്.
നിലവില്‍ 23 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് സെര്‍ബിയന്‍ താരത്തിന്റെ പേരിലുള്ളത്. 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള സ്പാനിഷ് താരം റാഫേല്‍ നദാലിനേയാണ് ജോക്കോവിച്ച് പിന്തള്ളിയത്. തന്റെ 34-ാം ഗ്രാന്‍സ്ലാം ഫൈനലിലാണ് ജോക്കോവിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. ജയത്തോടെ ലോക ഒന്നാം നമ്പര്‍ റാങ്കിങിലേക്കും ജോക്കോവിച്ച് തിരിച്ചെത്തി. കലാശപോരില്‍ ജോക്കോവിച്ചിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു കാസ്പര്‍ റൂഡ് ആരംഭിച്ചത്. ആദ്യസെറ്റിന്റെ തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സര്‍വ്വ് ബ്രേക്ക് ചെയ്ത് റൂഡ് മുന്നേറി. 3-0 ന് മുന്നിട്ടു നിന്നു. പക്ഷേ ജോക്കോ തിരിച്ചടിച്ചു. സ്‌കോര്‍ 4-4 ആക്കി. പിന്നീടങ്ങോട്ട് ഇരുവരും വിട്ടുകൊടുക്കാതെ പോരാടിയതോടെ ആദ്യ സെറ്റ് തന്നെ ടൈബ്രേക്കറിലേക്ക് നീണ്ടു. ആധികാരിക പ്രകടനത്തോടെ 7-1ന് ടൈബ്രേക്കര്‍ വിജയിച്ച് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി. പിന്നീടുള്ള സെറ്റുകളില്‍ ജോക്കോവിച്ചിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കാസപര്‍ റൂഡിനായില്ല. രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി തന്റെ 23-ാം ഗ്രാന്‍സ്ലാം കിരീടത്തില്‍ ജോക്കോവിച്ച് മുത്തമിട്ടു. ജോക്കോവിച്ചിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തേ 2016, 2021 വര്‍ഷങ്ങളിലാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിട്ടുള്ളത്. പത്ത് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ജോക്കോ ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.