ബെംഗളൂരു: ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ (ബെസ്കോം) ജൂനിയർ എൻജിനീയറോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോ ആയി ഉയർന്ന ജോലി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി ഉദ്യോഗാർഥികളെ കബളിപ്പിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. ഗൊല്ലറഹട്ടിയിലെ ബാലരാജ് എന്ന പ്രവീൺ എം സോമനകട്ടി (28) കുണിഗലിലെ പ്രദീപ് കെ (34), യശ്വന്ത്പുരിലെ എസ്.ഡി.പുരുഷോത്തം (49) ജാലഹള്ളിയിലെ ലോഹിത് ബി (46), ബെലഗാവി സ്വദേശിയായ ശിവപ്രസാദ് ചന്നണ്ണവർ (28), പിതാവ് വിജയകുമാർ ശിവലിംഗപ്പ ചന്നണ്ണവർ (57), ആറ്റൂർ ലേഔട്ടിലെ പ്രജ്വല് ഡി (28) എന്നിവരാണ് പ്രതികൾ. പ്രജ്വൽ ആണ് റാക്കറ്റിലെ പ്രധാനിയെന്നും മറ്റ് ആറ് പേർ ഇടനിലക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളെയാണ് അവർ ലക്ഷ്യമിട്ടിരുന്നത്.
ബെസ്കോമിൽ നല്ല കോൺടാക്റ്റുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന അവർ തൊഴിൽ രഹിതർക്ക് ഒരു നിശ്ചിത തുകയിൽ സ്ഥിരമായ ജോലി നൽകുമെന്നാണ് വാഗ്ദാനം ചെയ്തത്. 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് തട്ടിപ്പുകാർ നിശ്ചയിച്ചിരുന്ന തുക. ഇടനിലക്കാർ പണം പിരിച്ചെടുത്ത് പ്രജ്വലിന് നൽകും. തുടർന്ന് പ്രജ്വല ബിക്കി ഉള്ളവർക്ക് കമ്മീഷൻ നൽകുന്നതുമാണ് പതിവ്. പ്രജ്വല് വ്യാജ നിയമന ഇമെയിൽ ഉണ്ടാക്കി ഇരകൾക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. മേയ് 22 ന് ബെലഗാവിയിലെ ഹുക്കേരിയിലെ വൈഭവ് വെങ്കിടേഷ് കുൽക്കർണി എന്ന 29കാരൻ ജൂനിയർ എഞ്ചിനീയറായി ജോലിക്ക് ഹാജരാകാൻ ബെംഗളൂരു ക്രസന്റ് റോഡിലുള്ള ബെസ്കോം ഓഫീസിൽ കയറിയപ്പോഴാണ് തട്ടിപ്പ് പുറത്തായത് . വൈഭവ് ഹാജരാക്കിയ നിയമന കത്ത് വ്യാജമാണെന്ന് ബെസ്കോം അധികൃതർ കണ്ടെത്തി. ബെസ്കോം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെപി സോമശേഖറാണ് ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകിയത്.
ഇൻസ്പെക്ടർ ശിവസ്വാമി സിബിയുടെ നേതൃത്വത്തിലുള്ള സംഘം വൈഭവിനെ ചോദ്യം ചെയ്തപ്പോഴാണ് ചാന്നന്നവർക്കു 20 ലക്ഷം രൂപ നൽകിയതായി മനസിലായത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ നിന്ന് വ്യാജ സീൽ, ഓർഡർ പകർപ്പുകൾ, നിരവധി ഉദ്യോഗാർത്ഥികളുടെ മാർക്ക് ഷീറ്റുകൾ, ലാപ്ടോപ്പ്, പ്രിന്റർ, കാർ, 5.5 ലക്ഷം രൂപ എന്നിവയും പോലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.