ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയതിന് മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിന്റെ തലവനെ അറസ്റ്റ് ചെയ്തതായി ഗിരിനഗർ പോലീസ് അറിയിച്ചു. ശ്രീനിവാസനഗർ സ്വദേശിയായ സുഭാഷ് എസ് 26 എന്നയാളിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 3.5 ഗ്രാം എക്സ്റ്റസിയും പൊലീസ് പിടിച്ചെടുത്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ വ്യക്തികൾക്ക് പുനരധിവാസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പൂർണ പ്രജ്ഞ ഫൗണ്ടേഷന്റെ തലവനാണ് സുഭാഷ്, . പോലീസിന് ലഭിച്ച വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബനശങ്കരി മൂന്നാം സ്റ്റേജിലെ ഹൊസകെരെഹള്ളിയിലെ 100 അടി ഔട്ടർ റിംഗ് റോഡിലെ ഒരു കോളേജിന് സമീപം മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്ന സുഭാഷിനെ ഗിരിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സുഭാഷിനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് മയക്കുമരുന്നും കണ്ടെത്തി.
ഒരു പുനരധിവാസ കേന്ദ്രത്തിന്റെ ഡയറക്ടർ തന്നെ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരിക്കുന്നതിൽ ഞെട്ടലും ഉത്കണ്ഠയും ഉണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) പി കൃഷ്ണകാന്ത് പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് സുഭാഷിനെതിരെ കേസെടുത്തിരിക്കുന്നത്. പിടികൂടിയ മയക്കുമരുന്നിന് ഒരു ലക്ഷം രൂപയിലധികം വിലവരും. ചോദ്യം ചെയ്യലിൽ സുഭാഷ് മറ്റൊരു ഡീലറിൽ നിന്ന് മയക്കുമരുന്ന് വാങ്ങി വിൽപന നടത്തി പണം സമ്പാദിച്ചതായി സമ്മതിച്ചു.
വിദ്യാർഥികൾക്കോ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന വ്യക്തികൾക്കോ സുഭാഷ് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.