വിവാഹം കഴിപ്പിച്ചു തരാം.. വേറിട്ട പ്രകടന പത്രികയുമായി സഹോദര സ്ഥാനാർഥികൾ

ബെംഗളൂരു:പലതരത്തിലുള്ള പ്രകടനപത്രികകള്‍ നാം കണ്ടിട്ടുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആയുധമാക്കുന്നവ സമൂഹത്തിന് ഗുണം ചെയ്യുന്നവ, വിദ്വേഷത്തിന് ഇടയാക്കുന്നവ അങ്ങനെ നിരവധി. എന്നാല്‍, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ അല്‍പം വേറിട്ട പ്രകടനപത്രികയുമായി ശ്രദ്ധേയമായിരിക്കുകയാണ് സഹോദരങ്ങളായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

അവിവാഹിതരായ ചെറുപ്പക്കാര്‍ക്കായി വിവാഹ പദ്ധതിയാണ് ഇവര്‍ തങ്ങളുടെ പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. നൂതനമായ രീതിയില്‍ പ്രകടന പത്രിക പുറത്തിറക്കി വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നത് തന്നെയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. അറബാവി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഗുരുപുത്ര കെമ്പണ്ണ കുല്ലൂരും ഗോകാക്ക് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പുണ്ഡലീക കുല്ലൂരുമാണ് ഈ പുത്തന്‍ വാഗ്‌ദാനത്തിന് പിന്നില്‍.

പാവപ്പെട്ടവര്‍ക്ക് 31,600 രൂപ’ : ‘വധു – വരന്‍ വിവാഹ ഭാഗ്യയോജന – 2023’ എന്നാണ് ഈ പദ്ധതിയുടെ പേര്. 100 ശതമാനം തങ്ങള്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതായി സ്ഥാനാര്‍ഥികള്‍ അവകാശപ്പെടുന്നുമുണ്ട്. ഈ വാഗ്‌ദാനത്തിന് പുറമെ മറ്റ് നിരവധി ആകര്‍ഷകമായവയും ഇവരുടെ പ്രകടന പത്രികയിലുണ്ട്. ശ്രീ ശക്തി സ്വയം സഹായ സംഘങ്ങളുടെ വായ്‌പകള്‍ പൂര്‍ണമായും എഴുതിത്തള്ളും, സാമ്പത്തികമായി പിന്നാക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍ 31,600 രൂപ വീതം നിക്ഷേപിക്കും, കര്‍ഷകര്‍ക്ക് സൗജന്യ കുഴല്‍ക്കിണര്‍, യുവാക്കള്‍ക്ക് തൊഴില്‍, ഭവനരഹിതര്‍ക്ക് മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ സഹായം എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.

പുറമെ യുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ വായ്‌പയും പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്‌ദാനമാണ്. സഹോദരങ്ങളുടെ പുത്തന്‍ ഐഡിയ അവിവാഹിതരായ യുവാക്കളുടെയടക്കം ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വോട്ടായി മാറുമോ എന്നതറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ്‌ 13വരെ കാത്തിരിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us