സിദ്ധരാമയ്യയെ നേരിടാൻ മകനെ കളത്തിൽ ഇറക്കി യെദ്യൂരപ്പ

ബെംഗളൂരു:മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ.

ബെംഗളൂരുവില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യെദ്യൂരപ്പയാണ്.

മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയാണ് ഇവിടത്തെ എം.എല്‍.എ. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. തന്റെ മകന്‍ ബി.വൈ വിജയേന്ദ്ര വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച്‌ ഉന്നതതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു.

മുസ്‌ലിംകളുടെ നാല് ശതമാനം സംവരണം റദ്ദാക്കിയതിനെ യെദ്യൂയൂരപ്പ ന്യായീകരിച്ചു. അത് ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കും വീതിച്ചുനല്‍കിയതില്‍ അനീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തിന് മുസ്‌ലിംകള്‍ക്കും അര്‍ഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി നടപ്പാക്കിയ പരിഷ്‍കരണത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് 70 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ 150 ലേറെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പ്രവചനം. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജു നായിക് ജെ.ഡി(എസ്)ല്‍ ചേര്‍ന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us