ബെംഗളൂരു : ഫീസില്ലാത്ത നൂറ് എം.ബി.ബി.എസ്. സീറ്റുകളുമായി കർണാടകത്തിൽ പുതിയ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങുന്നു. ചിക്കബല്ലാപുരയിലെ മുദ്ദെനഹള്ളിക്കടുത്ത് സത്യസായി വില്ലേജിൽ സ്ഥാപിച്ച ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലാണ് മുഴുവൻ എം.ബി.ബി.എസ്. സീറ്റുകളിലും സൗജന്യപഠനം വാഗ്ദാനം ചെയ്യുന്നത്. കോളേജിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
2023-24 അധ്യയനവർഷം കോളേജിൽ നൂറ് സീറ്റുകളാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുവദിച്ചത്. നിയമപ്രകാരം 50 സീറ്റ് സർക്കാർ ക്വാട്ടയിലും ബാക്കി മാനേജ്മെന്റ് ക്വാട്ടയിലുമായിരിക്കും. പ്രവേശനം നേടുന്നവർ ബിരുദം നേടിയശേഷം അഞ്ചുവർഷം കോളേജിന്റെ ആശുപത്രിയിൽ സേവനം ചെയ്യണമെന്ന് കരാറുണ്ടാക്കുമെന്ന് ലെയ്സൺ ഓഫീസർ ഗോവിന്ദറെഡ്ഡി അറിയിച്ചു. പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, യൂണിഫോം, ഹോസ്റ്റൽസൗകര്യം എന്നിവയും സൗജന്യമായിരിക്കും.
ശ്രീസത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസുമായാണ് കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ നിയന്ത്രണത്തിന് വിധേയമായായിരിക്കും പ്രവേശനനടപടികൾ. പ്രശാന്തി ബാലമന്ദിര ട്രസ്റ്റാണ് 350 കോടി രൂപ ചെലവിൽ കോളേജ് സ്ഥാപിച്ചിരിക്കുന്നത്. 350 കിടക്കകളുള്ള ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.