ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥമാര്‍ തമ്മിലുള്ള പോര് നിയമനടപടികളിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രോഹിണി സിന്ദൂരി. താന്‍ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും, നിരുപാധികമായി മാപ്പ് എഴുതി നല്‍കണമെന്നും രോഹിണി വ്യക്തമാക്കി. ഇത് സംബന്ധിച്ച വക്കീല്‍ നോട്ടീസ് രോഹിണി രൂപയ്ക്ക് അയച്ചു.
ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണിയുടെ രഹസ്യ ചിത്രങ്ങള്‍ രൂപ പുറത്തുവിട്ടിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ രോഹിണി അവര്‍ക്ക് അയച്ച് കൊടുത്ത ചിത്രങ്ങളാണിതെന്ന് പറഞ്ഞായിരുന്നു രൂപ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് വഴി പുറത്തുവിട്ടത്. ഇതോടെയാണ് രൂപ-രോഹിണി തര്‍ക്കം ആരംഭിച്ചത്. അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും തമ്മിലുള്ള ചേരിപ്പോരില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. രണ്ടു പേരെയും സ്ഥലംമാറ്റി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റല്‍.
രോഹിണി സിന്ദൂരി ദേവസ്വം കമ്മീഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്പറേഷന് മാനേജിങ് ഡയറക്ടറുമായിരുന്നു. അഴിമതി ആരോപണ പ്രത്യാരോപണങ്ങളില്‍ കഴിഞ്ഞ ദിവസം ഇരുവരും ചീഫ് സെക്രട്ടറിയെ കണ്ട് പരസ്പരം പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്. സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ഇരുവര്‍ക്കും പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. നിലവില്‍ രണ്ടാള്‍ക്കും യാതൊരു അധികാരവും പദവിയുമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.