ബെംഗളൂരു: നാലുവയസുകാരനെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിനെതിരെ പൊലീസ് പരാതി നൽകി മാതാപിതാക്കൾ. ജൂലൈയിൽ ക്ലാസുകൾ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ, ക്ലാസ്സിൽ “വികൃതി കാണിച്ചതിന്” തന്റെ മകനെ അധ്യാപകൻ ആവർത്തിച്ച് മർദിച്ചതായി കുട്ടിയുടെ രക്ഷിതാവ് റിവു ചക്രവർത്തി പരാതിയിൽ പറഞ്ഞു.
മകന്റെ നിരവധി പരാതികൾക്കും സ്കൂൾ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ശേഷമാണ് ചക്രവർത്തി സ്കൂളിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനെ സമീപിച്ചത്. തുടർന്ന് ഓഗസ്റ്റ് 18-ന് സ്‌കൂളിനെതിരെ പോലീസ് നോൺ-കോഗ്‌നിസബിൾ റിപ്പോർട്ട് (എൻസിആർ) രജിസ്റ്റർ ചെയ്തു.
കുട്ടിയെ സ്കൂളിൽ നിന്ന് കൊണ്ടുപോകുമ്പോൾ അവന്റെ കൈകളിൽ പാടുകൾ ശ്രദ്ധിക്കുകയും, ഉടൻ തന്നെ സ്കൂൾ അധികൃതരുമായി സംസാരിക്കാൻ ശ്രമിക്കുകയയും ചെയ്തിരുന്നതായി ചക്രവർത്തി പറഞ്ഞു. ശാരീരിക ശിക്ഷയെക്കാൾ ആൺകുട്ടികൾ തമ്മിലുള്ള വഴക്കാണ് കുട്ടിയിൽ ഉണ്ടായിരിക്കുന്ന പാടുകൾക്ക് കാരണമായതെന്ന് ആദ്യം അവകാശപ്പെട്ട് സംഭവം മൂടിവെക്കാനാണ് സ്കൂൾ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എന്നിരുന്നാലും, കൂടുതൽ ചോദ്യം ചെയ്യലിൽ, വിദ്യാർത്ഥികളെ ശാസിക്കാൻ ചിലപ്പോൾ തല്ലാറുള്ളതായി കിന്റർഗാർട്ടൻ കോർഡിനേറ്റർ സമ്മതിച്ചു.
സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി, ഏകദേശം ഒരു മാസത്തിന് ശേഷവും, മകൻ വീണ്ടും പീഡനത്തെക്കുറിച്ച് പറഞ്ഞതായി കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പരാതിയുടെ പകർപ്പിൽ കുട്ടിക്ക് നേരിട്ട ശാരീരിക പീഡനത്തെ കുറിച്ച് മാത്രമേ പരാമർശിച്ചിട്ടുള്ളൂവെങ്കിലും തന്റെ ഇഷ്ടത്തിന് വിരുദ്ധമായി കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും ചക്രവർത്തി പറയുന്നു.
“എന്റെ മകന് ആ സ്‌കൂളിൽ നിന്ന് ടി സി ഞാൻ ആഗ്രഹിച്ചതിനാൽ സ്കൂൾ അധികൃതർക്ക് ഇത് സംബന്ധിച്ച് ഒന്നിലധികം ഇമെയിലുകൾ അയച്ചു, സ്‌കൂൾ ഓഫീസിലേക്ക് പലതവണ വിളിച്ചിരുന്നു, പക്ഷേ എനിക്ക് പ്രതികരണമൊന്നും ലഭിച്ചില്ല, സംഭാഷണത്തിന്റെ മധ്യത്തിൽ കോളുകൾ വിച്ഛേദിക്കപ്പെടുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ മകൻ നേരിട്ട പീഡനം ചക്രവർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു ഇതോടെ , ഉടൻ തന്നെ മകന്റെ ടിസി സ്കൂളിൽ നിന്ന് വാങ്ങാൻ കഴിഞ്ഞു. എന്നാൽ ആവർത്തിച്ച് ശ്രമിച്ചിട്ടും, സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചു. ചോദ്യങ്ങൾ ഇമെയിൽ വഴി മാത്രമേ അഭിസംബോധന ചെയ്യൂ എന്ന് സ്കൂളിന്റെ ആക്ടിംഗ് പ്രിൻസിപ്പൽ ലാവണ്യ മിത്രൻ മാധ്യമങ്ങളോട് പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.