മലപ്പുറം: സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. ഒറ്റ തിരിഞ്ഞ് തന്നെ ആക്രമിച്ചവർക്ക് താൻ വിധി സമർപ്പിക്കുന്നുവെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. ഗൂഡാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച രണ്ട് ഹർജികളും ഹൈക്കോടതി തള്ളിയിരുന്നു. കെ.ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെതിരെ ഗൂഡാലോചനക്കുറ്റത്തിന് പൊലീസ് കേസെടുത്തത്.
കെ.ടി ജലീലിന്‍റെ പ്രതികരണം-
“സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച “ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു” കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം.
ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു.”
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.