ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ 11 സുപ്രധാന ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി മാറിയ പശ്ചാത്തലത്തിൽ ഗവർണർക്ക് പിന്തുണ അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഓർഡിനൻസിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടും അദ്ദേഹത്തിന്റെ കടമകളുടെ ഭാഗമാണെന്ന് വി മുരളീധരൻ പറഞ്ഞു.
ഓർഡിനൻസിൽ ദൃഢനിശ്ചയത്തോടെ തീരുമാനമെടുത്ത ഗവർണർ സ്വീകരിച്ച നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു. സുപ്രധാന ഓർഡിനൻസ് ലോകായുക്ത ഭേദഗതി ചെയ്യും. ഇക്കാര്യത്തിൽ സർക്കാർ എന്തിനാണ് തിടുക്കം കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ലോകായുക്തയ്ക്ക് മുന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ കേസുകൾ ഉണ്ടായിരുന്നതാണോ ഈ ധൃതിക്ക് കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഓർഡിനൻസിന് ഘടകകക്ഷികളുടെ പിന്തുണ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ഓർഡിനൻസുകളെ കുറ്റപ്പെടുത്തിയ സീതാറാം യെച്ചൂരിക്ക് കേരളത്തിലെ ഓർഡിനൻസുകളിൽ എന്താണ് പറയാനുളളതെന്നും അദ്ദേഹം ചോദിച്ചു. ദേശീയപാതകളിൽ അപകടമുണ്ടാക്കുന്ന കുഴികൾ നിലനിൽക്കുന്നതിനെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. കുഴികളിൽ രാഷ്ട്രീയം കാണരുതെന്ന് മുരളീധരൻ പറഞ്ഞു. സംസ്ഥാന കുഴിയോ കേന്ദ്ര കുഴിയോ ഇല്ല. പ്രശ്നം പരിഹരിക്കണമെന്നാണ് നിലപാട്. ഇതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ .എച്ച്.എ.ഐ) അധികൃതരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത വിഷയത്തിലും കേന്ദ്രമന്ത്രി പ്രതികരിച്ചു. ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലയിട്ടതിനാണോ ബീന ഫിലിപ്പിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. സി.പി.ഐ(എം) ചില മതങ്ങളുടെ ആചാരം അനുവദിക്കുകയും മറ്റ് ചില മതങ്ങളുടെ ആചാരം അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഹജ്ജിന് പോകുന്ന മാർക്സിസ്റ്റുകാരുണ്ടെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.