ബെംഗളൂരു: കർണാടകകയിൽ മതന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അക്രമങ്ങൾക്കും വിദ്വേഷപ്രചാരണങ്ങൾക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, കലാകാരന്മാർ എന്നിവരുൾപ്പെടെ 34 പേരടങ്ങുന്ന സംഘം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും നിയമസഭാംഗങ്ങൾക്കും കത്തെഴുതി.
കത്തിൽ ഒപ്പിട്ടവരിൽ ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹയും പ്രൊഫ. ജാനകി നായരും; പരിസ്ഥിതി പ്രവർത്തകരായ നാഗേഷ് ഹെഗ്ഡെ, അൽമിത്ര പട്ടേൽ; സാമൂഹ്യശാസ്ത്രജ്ഞരായ എ ആർ വാസവി, പ്രൊഫ സതീഷ് ദേശ്പാണ്ഡെ; ശാസ്ത്രജ്ഞരായ പ്രൊഫ ശരദ്ചന്ദ്ര ലെലെ, പ്രൊഫ വിനോദ് ഗൗർ, പ്രൊഫ വിദ്യാനന്ദ് നഞ്ചുണ്ടയ്യ; എഴുത്തുകാരായ വിവേക് ഷാൻഭാഗ്, പുരുഷോത്തം ബിലിമലെ, കെ.പി. സുരേഷ, ആക്ടിവിസ്റ്റ് ബെസ്വാഡ വിൽസൺ എന്നിവരും ഉൾപ്പെടുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനം പല ജില്ലകളിലും ക്രൂരമായ കൊലപാതകങ്ങൾ, മതവിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ. വിദ്വേഷ പ്രസംഗങ്ങൾ, മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ഭീഷണികൾ, ആക്രമണങ്ങൾ, ദുരഭിമാനക്കൊലകൾ, സദാചാര പോലീസിംഗ്, നിയമസഭാംഗങ്ങളുടെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ, ശത്രുതാപരമായ സംഭവങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചതായി അവർ പറഞ്ഞു.
മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം തുടർന്നാൽ കർണാടകത്തിന്റെ മുഖമുദ്രയായ സമാധാനവും സൗഹാർദവും സഹിഷ്ണുതയും അധികകാലമുണ്ടാകില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. “നിയമനിർമ്മാതാക്കളുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകളും സാമൂഹിക വിരുദ്ധ സംഘങ്ങളെ നിയന്ത്രിക്കാനുള്ള ഭരണകൂട സംവിധാനത്തിന്റെ കഴിവില്ലായ്മയും അത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അവർ കത്തിൽ അഭിപ്രായപ്പെട്ടു.
കൂടാതെ പശു സംരക്ഷണം, നിരോധനനിയമവും മതപരിവർത്തന നിരോധന നിയമവും മതന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങൾക്കെതിരാണ്. ഇത്തരം നിഷേധാത്മകനടപടികൾ തുടരുകയാണെങ്കിൽ സംസ്ഥാനത്തെ വാണിജ്യരംഗത്തും തിരിച്ചടികളുണ്ടാകുമെന്നും സംസ്കാരികപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.