ബെംഗളൂരു: ഒരുമിച്ച് ജീവിക്കുന്ന പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ആളെ കോണനകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ മഞ്ജുളയെ (35) കൊലപ്പെടുത്തിയ കേസിലാണ് മഞ്ജുനാഥ് അറസ്റ്റിലായത്. കോണനകുണ്ടെയിലെ ബീരേശ്വര നഗറിലെ വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.
ജനുവരി 7ന് രാവിലെ മഞ്ജുള അമിതമായി മദ്യപിച്ചതിനെ തുടർന്ന് തളർന്നുപോയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഓട്ടോറിക്ഷ അനുവദിക്കണമെന്നും മഞ്ജുനാഥ് വീട്ടുടമയോട് പറഞ്ഞു. ശേഷം പ്രതി മഞ്ജുളയെ ഓട്ടോയിൽ കയറ്റി ജയനഗർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. താമസ വിലാസം, ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ കൃത്യമായ വിവരങ്ങൾ നൽകാതെ മഞ്ജുനാഥ് അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചപ്പോൾ വാരിയെല്ലുകൾ തകർന്നതിനാൽ ക്രൂരമായ മർദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് മരണവിവരം മരിച്ചയാളുടെ കുടുംബത്തെ അറിയിക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനുവരി 11 ന് കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു. ഒളിവിൽപ്പോയ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാണ് അറസ്റ്റിലേക്ക് നയിച്ചത്.
മഞ്ജുളയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തനിക്ക് സംശയമുണ്ടായതാണ് കൊലയിലേക്ക് നയിച്ചതെന്ന് മഞ്ജുനാഥ് വെളിപ്പെടുത്തി. ജനുവരി ആറിന് രാത്രി ഇതേച്ചൊല്ലി വഴക്കുണ്ടായതായും അയാൾ അവളെ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നും മഞ്ജുനാഥ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്, പോലീസ് കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.