ബെംഗളൂരു: സ്വച്ഛ് ഭാരത് മിഷനു കീഴിൽ കേന്ദ്ര സർക്കാർ നൽകിയ 108 കോടി രൂപ ദുരുപയോഗം ചെയ്തെന്നാരോപിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു.
കൂടാതെ കേന്ദ്ര ഏജൻസി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, 2002 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് നഗരവികസന വകുപ്പിന് കത്തെഴുതുകയും ചെയ്തട്ടുണ്ട്.
2015 നും 2018 നും ഇടയിൽ അനുവദിച്ച 108 കോടി രൂപയിൽ 92 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ഭാഗമല്ലാത്ത പ്രവൃത്തികളിലേക്ക് ബിബിഎംപി വകമാറ്റിയതായാണ് റിപ്പോർട്ടുകൾ. റോഡുകളും നടപ്പാതകളും വികസിപ്പിക്കാനും ഡ്രെയിനുകൾ നന്നാക്കാനും ഈ ഗ്രാന്റുകൾ ഉപയോഗിച്ചു. ഗ്രാന്റ് ദുരുപയോഗം സംബന്ധിച്ച പരാതി ആദ്യം രജിസ്റ്റർ ചെയ്തത് അഴിമതി വിരുദ്ധ ബ്യൂറോയിലാണ് (എസിബി).
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് പണം വകമാറ്റം നടന്നതെന്നാണ് ആരോപണം.
2021 ഡിസംബർ 20-ന് ഇഡിയുടെ ബെംഗളൂരു സോൺ ജോയിന്റ് ഡയറക്ടർ മണി സിംഗ് അയച്ച കത്തിൽ, നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിനോട് കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടെ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടട്ടുണ്ട്