ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കയിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 68 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളുടെ സ്ഥിതിവിവര റിപ്പോർട്ട് മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സി വി കാർത്തികേയൻ, എസ് ശ്രീമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്രസർക്കാരിനോട് റിപ്പോർട്ട് തേടുകയും ശ്രീലങ്കൻ അധികാരികളുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തത്.
ശ്രീലങ്കയുടെ കസ്റ്റഡിയിൽ കഴിയുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള 68 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും ഉടൻ നടപടിയെടുക്കണമെന്ന് രാമനാഥപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്‌നാട് മീനവർ പാദുകാപ്പ് ഉറിമായി ഇയ്യകം കോ-ഓർഡിനേറ്റർ ജി തിരുമുരുകൻ കോടതിയിൽ അപേക്ഷിച്ചു. ഈ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ട് വിട്ടുനൽകണമെന്ന ഹർജിയിലും അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് ലങ്കൻ കടലിൽ വേട്ടയാടിയെന്ന് ശ്രീലങ്കൻ അധികൃതർ ആരോപിച്ചതായി അഡ്വക്കേറ്റ് ജനറൽ ആർ ഷൺമുഖസുന്ദരം മറുപടിയിൽ പറഞ്ഞു. ശ്രീലങ്കയിലെ പ്രാദേശിക കോടതി മത്സ്യത്തൊഴിലാളികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഇവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര സർക്കാരുമായി നടത്തിയ ആശയവിനിമയവും അദ്ദേഹം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ അധികൃതർ ശ്രീലങ്കൻ സഹപ്രവർത്തകരുമായി ചർച്ച നടത്തി വരികയാണെന്നും നയതന്ത്ര മാർഗങ്ങൾ തുറന്നിട്ടുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എൽ വിക്ടോറിയ ഗൗരി കോടതിയെ അറിയിച്ചു. അഡ്വക്കേറ്റ് ജനറലിന്റെയും അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റെയും വാദം കേട്ട കോടതി, മത്സ്യത്തൊഴിലാളികളെ തിരിച്ചെടുക്കാൻ സമയപരിധി നിശ്ചയിക്കാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഡിസംബർ 18 ന് 43 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ അധികൃതർ കസ്റ്റഡിയിലെടുത്തത്, പിന്നീട് ഡിസംബർ 19 ന് 12 പേരെ കസ്റ്റഡിയിലെടുത്തു, തൊട്ടടുത്ത അടുത്ത ദിവസം 13 പേർ കൂടി അറസ്റ്റിലായി, അങ്ങനെ മൊത്തം തമിഴ്‌നാട്ടിൽ നിന്നുള്ള 68 മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ പിടിയിലായിട്ടുള്ളത്
മത്സ്യത്തൊഴിലാളികളുടെ എട്ട് ബോട്ടുകളും ശ്രീലങ്കൻ അധികൃതരുടെ കസ്റ്റഡിയിലാണ്.